

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ മുത്തലാഖ് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സിബിഐയിലെ അധികാരപ്പോരും, റഫേല്‍ ഇടപാടുമായി എത്തുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നതിനാണ് മുത്തലാഖ് ബില്‍ ,എന്‍ഡിഎ പുറത്തെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തലാഖിന് പുറമേ കമ്പനി നിയമ ഭേദഗതിയും മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് ഭേദഗതിയും പാര്‍ലമെന്റില്‍ എത്തും. മുത്തലാഖിലൂടെ വിവാഹ ബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് പുറമേ കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡ്ഡെയ്്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിരിയും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ , മിസോറാം തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി അടുത്ത ദിവസമെത്തുന്നതോടെ കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനും സഭാ സമ്മേളനം നിര്‍ണായകമാവും. എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നിലവില്‍ കോണ്‍ഗ്രസ് ഇരിക്കുന്നത്. പ്രവചനങ്ങള്‍ അനുസരിച്ച് ബിജെപി വിരുദ്ധ തരംഗം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വലിയ പ്രസക്തിയില്ലെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി നരേന്ദ്ര സിങ് തൊമാര്‍ പറയുന്നത്.
സിബിഐയിലെ പോരിന് പുറമേ ലൈംഗിക അപവാദക്കേസില്‍ പുറത്ത് പോയ കേന്ദ്രസഹമന്ത്രി എംജെ അക്ബര്‍ വിഷയവും, റിസര്‍വ് ബാങ്കിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും പ്രതിപക്ഷം ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates