ന്യൂഡൽഹി: ഹിന്ദുത്വത്തിലും ദേശീയതയിലും ഊന്നിയുള്ള പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കും. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് സംബന്ധിച്ചും പ്രകടന പത്രികയിൽ ശ്രദ്ധേയമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ. പുണ്യനദിയായ ഗംഗയ്ക്ക് പുറമേമറ്റ് നദികളിലേക്ക് കൂടി ശുചീകരണ പദ്ധതി വ്യാപിപ്പിക്കുന്നതിനും കാശി-മഥുര പ്രത്യേക ഇടനാഴി നിർമ്മിക്കുന്നതിനുള്ള വാഗ്ദാനങ്ങളും ഹിന്ദു വോട്ട് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പത്രികയിൽ ഇടം നേടും.
തീവ്രവാദം അടിച്ചമർത്തുന്നതിനുള്ള സത്വര നടപടികൾക്കൊപ്പം ദേശസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പ്രത്യേക മന്ത്രാലയം കൊണ്ടുവരുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് പുറമേ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനവും ഉണ്ടായേക്കും. 2014 ലെ തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരുന്ന 550 വാഗ്ദാനങ്ങളിൽ 520 എണ്ണവും മോദി സർക്കാർ നടപ്പിലാക്കിയെന്നാണ് ബിജെപിയുടെ വാദം.
രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രതിവർഷം 72,000 രൂപ ലഭ്യമാക്കുന്ന 'ന്യായ്' പദ്ധതിയിൽ ഊന്നിയാണ് കോൺഗ്രസ് നേരത്തേ പ്രകടന പത്രിക പുറത്തിറക്കിയത്. വിദ്യാഭ്യാസത്തിന് കൂടുതൽ തുക നീക്കി വയ്ക്കുമെന്നും മതേതരത്വം ഉറപ്പാക്കുമെന്നും രാജ്യദ്രോഹം ഉൾപ്പടെയുള്ള വകുപ്പുകളിൽ സുപ്രധാന പരിഷ്കരണങ്ങൾ കൊണ്ടു വരുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates