

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞ വാക്കുകളെ താന്‍ ഭയപ്പെടുകയോ കാര്യമാക്കുകയോ ചെയ്യുന്നില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഗ്യാലപ് പോള്‍ നടത്തിയോ അനുകൂലികളുടെ തല എണ്ണിയോ ഫേസ്ബുക്ക് പോസ്റ്റ് നോക്കിയോ അല്ല നീതിന്യായവ്യവസ്ഥ ശിക്ഷ തീരുമാനിക്കുന്നത്. തെളിവുകളാണ് കോടതിയില്‍ പ്രധാനം. എന്നാല്‍ നിയമം അറിയാവുന്ന, പൊതുസമ്മതനായ ഒരാളുടെ ആധികാരികമെന്ന് തോന്നിപ്പിക്കാവുന്ന പ്രസ്താവനകളില്‍ കേസിന്റെ ദിശ തെറ്റുവാന്‍ ഇടയുണ്ടോ എന്ന ഭയം തനിക്കുണ്ടെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബു്ക്ക് കുറിപ്പില്‍ പറഞ്ഞു.
ദിലീപാണ് കുറ്റക്കാരന്‍ എന്ന് എത്ര കേമന്മാര്‍ പ്രചരിപ്പിചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടില്‍ സമാന പ്രചാരണങ്ങള്‍ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാന്‍ പോകുന്നില്ല. കാരണം ഗ്യാലപ് പോള്‍ നടത്തിയോ അനുകൂലികളുടെ തല എണ്ണിയോ ഫേസ്ബുക്ക് പോസ്റ്റ് നോക്കിയോ അല്ല നമ്മുടെ നീതിന്യായവ്യവസ്ഥ ശിക്ഷ തീരുമാനിക്കുന്നത്. സെബാസ്‌റ്യന്‍ പോള്‍ പറഞ്ഞ വാക്കുകളെ അതുകൊണ്ട് തന്നെ ഞാന്‍ ഭയപ്പെടുന്നില്ല കാര്യമാക്കുന്നത് പോലുമില്ല. അദ്ദേഹം കോടതിയുടെ അധിപനോ ഉടമസ്ഥനോ ഒന്നുമല്ല. തെളിവുകള്‍ മാത്രമാണ് അവിടെ പ്രധാനം. പക്ഷെ, നിയമം അറിയാവുന്ന, പൊതുസമ്മതനായ ഒരാളുടെ ആധികാരികമെന്ന് തോന്നിപ്പിക്കാവുന്ന ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കപ്പെട്ടാല്‍ കേസിന്റെ ദിശ തെറ്റുവാന്‍ ഇടയുണ്ടോ എന്ന് ന്യായമായും ഭയമുണ്ട്. ജാഗ്രതയോടെനോക്കി കാണേണ്ടത് പൊലീസ് സ്വാധീനിക്കപ്പെടുന്നുണ്ടോ , അതിനുള്ള ബാഹ്യപ്രേരണകള്‍ ഉണ്ടോ എന്നത് മാത്രമാണ്.
പൊലീസന്വേഷണത്തിന്റെ പിന്നാലെ നിതാന്തജാഗ്രതയോടെ നാം ഒറ്റക്കെട്ടായി ഉണ്ടാകണം എന്ന് ഈ പ്രസ്താവന, ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ ഒരലംഭാവം ചിലപ്പോള്‍ ഈ കേസിനെ മറ്റൊരു വഴിയിലേക്ക് തള്ളി വിട്ടേക്കാം അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. പ്രബലരാണ് കുറ്റാരോപിതന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ജാഗ്രതയോടെ കാവലിരിക്കുമ്പോഴേ ജനാധിപത്യം സക്രിയമാകൂ.. ജാഗ്രത ഉള്ളപ്പോഴേ നിയമവും കൂട്ടിനണ്ടാകൂ. പ്രതിയെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയോടെ രംഗത്തുണ്ട് എന്ന് തോന്നുമ്പോള്‍ നാം കൂടുതല്‍ കരുതിയിരിക്കണം. ഒരു നിമിഷം പോലും ശ്രദ്ധ ഇടറാതെ. പോലീസ്‌ന്വേഷണത്തെ സഫലമാക്കി നീതിന്യായകൊടതിയില്‍ എത്തിക്കേണ്ട ബാധ്യത പൌരസമൂഹത്തിനുണ്ട്. ഒരായിരം സെബാസ്‌റ്യന്‍ പോളുമാര്‍ വിചാരിച്ചാലും തടയാവുന്നതല്ല, ഇരയോടൊപ്പമുള്ള നീതിക്ക് വേണ്ടിയുള്ള ഈ യാത്രയെന്ന് നാം മറന്നു കൂടയെന്ന് ശാരദക്കുട്ടി കുറിപ്പില്‍ വ്യക്തമാക്കി.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
