

പാര്‍ട്ടി പ്രവര്‍ത്തനത്തിന് കല്യാണം തടസ്സമാകുമെന്ന് കരുതി കല്യാണമേ വേണ്ടെന്ന് കരുതിയ ആളായിരുന്നു വിഎസ്, പലപ്പോഴും പാര്‍ട്ടി സഖാക്കളും അടുത്ത ബന്ധുക്കളും പെണ്ണുകാണലിനെ ക്കുറിച്ച് സൂചിപ്പിച്ചോഴൊക്കെ അച്യുതന്‍ ഒഴിഞ്ഞുമാറി നിന്നു. പിന്നീട് എപ്പോഴാ ആണ് വയ്യാതാകുമ്പോള്‍ ഒരു തുണ നല്ലതല്ലേ എന്ന് ആലോചിച്ചതെന്ന് വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് വിഎസിന്റെ പ്രായം നാല്‍പ്പതുകഴിഞ്ഞിരുന്നു, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, എംഎല്‍എയുമായിരുന്നു. താമസം ജില്ലാ കമ്മിറ്റി ഓഫിസിലും.
അങ്ങനയിരിക്കെ ഒരു ദിവസം അനിയനെ കാണാന്‍ ചേട്ടന്‍ ഗംഗാധരന്‍ ഓഫീസിലെത്തി. വയസ്സ് നാല്പത് കഴിഞ്ഞില്ലേ, ഇനി ഒരു കൂട്ടും കുടുംബവുമൊക്കെ വേണ്ടേ എന്ന ഓര്‍മ്മപ്പെടുത്തി. ആയിടയ്ക്കാണ് ചേര്‍ത്തലയിലെ മുതിര്‍ന്ന സഖാവ് ടി കെ രാമന്‍ പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി അച്യുതാനന്ദന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. സെക്കന്ദരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്സിങ്ങ് ഫൈനല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു വസുമതി. ചേര്‍ത്തല എന്‍ഇഎസ് ബ്ലോക്കില്‍ സോഷ്യല്‍ വര്‍ക്കറായി ലഭിച്ച താല്‍ക്കാലിക ജോലി ഉപേക്ഷിച്ചാണ് നഴ്‌സിങ് പഠനത്തിനു പോയത്. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ അമ്മയ്‌ക്കൊരു താങ്ങാവാന്‍ വേഗം ജോലി നേടുക മാത്രമായിരുന്നു വസുമതിക്ക് ഉണ്ടായിരുന്നത്. കല്യാണപ്പൂതിയൊന്നും മനസ്സില്‍ ഉദിച്ചിരുന്നില്ല.
തന്നെ കെട്ടാന്‍ പോകുന്ന ആളെ അടുത്ത് കണ്ടതിനെപ്പറ്റി വസുമതി ഒരു ഓര്‍മ്മക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെ- 'കോടംതുരുത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വി എസ്. ഏറ്റവും പിന്നില്‍ നിന്ന് പ്രസംഗം കേള്‍ക്കുകയായിരുന്നു ഞാനും മറ്റു സ്ത്രീസഖാക്കളും. യോഗം കഴിഞ്ഞ് പിരിയാന്‍ തുടങ്ങുമ്പോള്‍ ടി കെ രാമന്‍സഖാവ് എന്നെ വിളിച്ചു. ഞാന്‍ ചെന്നു. അക്കാലത്ത് വി എസി ന്റെ കൈയില്‍ ഒരു ബാഗ് സ്ഥിരമായി കാണുമായിരുന്നു. ബാഗ് തുറന്ന് വി എസ് എന്തോ ഒരു പാര്‍ട്ടിരേഖ രാമന്‍സഖാവിനു നല്‍കി. അദ്ദേഹം അത് എന്റെ കൈയില്‍ തന്നു. വി എസ് പോയിക്കഴിഞ്ഞപ്പോള്‍ ടി കെ രാമന്‍സഖാവ് എന്നോട് ചോദിച്ചു- എങ്ങനെയുണ്ട് വി എസ് സഖാവി ന്റെ പ്രസംഗം. ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ആ ചോദ്യത്തിന്റെ അര്‍ത്ഥം അപ്പോള്‍ ഞാന്‍ ആലോചിച്ചില്ല. അന്ന് എനിക്ക് അറിയില്ലെങ്കിലും ടി കെ രാമനെപോലുള്ള സഖാക്കള്‍ എന്നെ വി എസിന്റെ ജീവിതസഖിയായി സങ്കല്പിച്ചിരുന്നു. അന്നത്തെ പ്രസ്ഥാനത്തില്‍ അങ്ങനെയായിരുന്നു. ഓരോ സഖാവിന്റെ ജീവിതത്തെക്കുറിച്ചും പ്രസ്ഥാനത്തിന് വ്യക്തമായ ചില തീരുമാനങ്ങളുണ്ടായിരുന്നു...'.
1967 ജൂലായ് 18 നായിരുന്നു വിഎസിന്റെയും വസുമതിയുടെയും വിവാഹം. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കായിരുന്നു. എന്‍ ശ്രീധരന്റെ പേരിലായിരുന്നു ക്ഷണക്കത്ത്. കല്യാണത്തിന് മൂഹൂര്‍ത്തമില്ല, സ്വീകരിച്ചാനയിക്കലില്ല. ആഭരണാലങ്കാരങ്ങളില്ല; സദ്യയുമില്ല. പരസ്പരം പൂമാല ചാര്‍ത്തല്‍ മാത്രം. പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ പുതുമണവാളന്‍ മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടി കയറി.
'കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18 ന് ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു. വിധേയന്‍, എന്‍ ശ്രീധരന്‍. ജോയിന്റ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി.
ചിട്ടയായ ആരോഗ്യം
1980 ല്‍ ഹൃദയം ഒന്ന് അലസോരപ്പെടുത്തിയപ്പോഴാണ് കടുത്ത ചിട്ടയിലേക്ക് കടന്നത്. അന്ന് വിഎസിന്റെ ഭാരം 80 കിലോയായിരുന്നു. ഭാരം അന്‍പതില്‍ താഴെയാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ചുള്ള ഭക്ഷണക്രമങ്ങളും വ്യായാമമുറകളും അക്ഷരംപ്രതി വിഎസ് പാലിച്ചു. ചായ, കാപ്പി ഒഴിവാക്കി എരിവും പുളിയും എണ്ണയും മസാലകളും ചേര്‍ത്ത ആഹാരവും ശീതളപാനിയങ്ങളും പൂര്‍ണമായി ഒഴിവാക്കി. കൂടാതെ സ്വന്തമായ ചില യോഗരീതികളും തുടര്‍ന്നു. ഇതിന്റെ ഭാഗമായി ഭാരം അന്‍പതില്‍ താഴെയായി. ഹൃദയം പൂര്‍വാധികം ശക്തിയായി
പുലര്‍ച്ചെ ഉണരും. അരമണിക്കൂര്‍ നടത്തം. യോഗ, ഇളംവെയില്‍ കായല്‍. എണ്ണതേച്ചു സമയമെടുത്ത് കുളി നിര്‍ബന്ധം. ദിനചര്യകള്‍ കഴിഞ്ഞാല്‍ മൂന്നു മണിക്കൂറോളം വായന, രാത്രി 10 മണിക്ക് കിടത്തം. ഉച്ചയൂണിനുശേഷവും ഒരു മണിക്കൂര്‍ മയങ്ങും. അസാധാരണ സാഹചര്യങ്ങളില്‍ സമയം തെറ്റിയേക്കും. എന്നാലും ഭക്ഷ്യനിബന്ധനയില്‍ മാറ്റമുണ്ടായിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates