

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ഭജന്‍പുരയില്‍ ആറുവയസ്സുകാരിയെ അയല്‍വാസികളായ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പത്ത്. പതിമൂന്ന്, പതിനാറ് വയസ് പ്രായമുള്ളവരാണ് പ്രതികള്‍. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പതിനാറുകാരന്‍ ബിഹാറിലേക്ക് കടന്നതായാണ് വിവരം. ഇയാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലിസ് പറഞ്ഞു.
പെണ്‍കുട്ടിയുമായി പരിചയമുള്ള പ്രതികള്‍ പ്രലോഭിപ്പിച്ച് ടെറസിന്റെ മുകളില്‍ എത്തിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച് വീട്ടിലെത്തിയ കുട്ടി വീണ് പരിക്കേറ്റതാണെന്നാണ് വീട്ടുകാരോട് അദ്യം പറഞ്ഞത്. ശരീരത്തില്‍ മറ്റ് പരിക്കുകള്‍ കാണാത്തതിനെ തുടര്‍ന്ന് കുടുതല്‍ തവണ ചോദിച്ചപ്പോഴാണ് ക്രൂരമായ പീഡനം പുറത്തുപറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവസ്ഥലത്തുവച്ച് രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പ്രതികളിലൊരാളായ ആണ്‍കുട്ടിയുടെ അമ്മ തന്നെയാണ് പ്രതിയെ പൊലീസിന് കൈമാറിയത്. പ്രതികള്‍ക്കെതിരെപോക്‌സോ നിയമപ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായ രണ്ട് പ്രതികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി.