മലപ്പുറം: ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. ഇതോടെ ജില്ലയിൽ സ്ഥിരീകരിച്ച ഷിഗെല്ല കേസുകളുടെ എണ്ണം ഏഴായി. ഒക്ടോബർ 31ന് പെരിന്തൽമണ്ണയിലെ എളങ്കുളം പഞ്ചായത്തിലെ കൊരക്കുത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
വിവാഹത്തിൽ 114 പേർ പങ്കെടുത്തിരുന്നു. ഇവരിൽ നിരവധി പേർക്ക് പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമായി. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച നാല് പേരെയും പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
നിലമ്പൂരിലാണ് ജില്ലയിൽ നേരത്തെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. അമരമ്പലം ഭാഗത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിയും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ട് പേരുമാണ് രോഗബാധിതരായത്. പ്രദേശത്ത് 23ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിലരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ എസ്ബി സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കും ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ സമ്പർക്കപ്പട്ടിക പരിശോധനയിലാണ് മറ്റ് രണ്ടുപേരിലും രോഗബാധ കണ്ടെത്തിയത്.
എളങ്കുളത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിതരുടെയും രോഗലക്ഷണങ്ങളുള്ളവരുടെയും വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ ആരംഭിച്ചു.
വിവാഹം ഉൾപ്പെടെയുള്ള സാമൂഹിക ചടങ്ങുകളിൽ സമൂഹസദ്യകളും പൊതുഭക്ഷണ വിതരണവും താത്കാലികമായി നിരോധിക്കണമെന്ന് എളങ്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടിപി ഷമീറ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. വയറിളക്കം, ഛർദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണം. ഗുരുതരമായ അണുബാധ ജീവന് ഭീഷണിയാകുന്ന സങ്കീർണതകൾക്കും നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങൾക്കും കാരണമാകാം- അവർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ, പൊതുജനാരോഗ്യ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates