

തിരുവനന്തപുരം: സിപിഐ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിൽ 57 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്റെ സൂത്രധാരൻ എന്ന് സഹകരണ രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ചു പിടിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. കോടികളുടെ നിക്ഷേപച്ചോർച്ചയ്ക്കു കാരണം സഹകരണ നിയമങ്ങൾ കാറ്റിൽ പറത്തി ഭരണം നടത്തിയ ഭരണ സമിതിയും ജീവനക്കാരുമെന്ന് അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നിക്ഷേപ മൂല്യശോഷണം 101 കോടി രൂപയാണ്. നിയമവിരുദ്ധ പ്രവൃത്തികളിലൂടെ മാത്രം സംഘത്തിനുണ്ടായ നഷ്ടം 57.24 കോടി രൂപയാണ്.
മുൻ പ്രസിഡന്റിനും ബന്ധുക്കൾക്കും ബാങ്ക് ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും നിബന്ധനകൾ പാലിക്കാതെ അനധികൃതമായി നൽകിയ വായ്പ 34.43 കോടി രൂപയാണ്. സർക്കാർ നിശ്ചയിച്ച പലിശയേക്കാൾ ഉയർന്ന പലിശ നൽകി നിക്ഷേപം സ്വീകരിച്ചു. നിക്ഷേപം വകമാറ്റി നിക്ഷേപകർക്ക് കോടികൾ പലിശ നൽകി. ഈടില്ലാതെ വായ്പ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വായ്പ കിട്ടിയത് പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടേയും ബന്ധുക്കൾക്കാണ്.
ഒരേ ഭൂമി ഒന്നിലധികം തവണ ഈടു വെച്ച് വായ്പ നൽകി. ഓരോ വായ്പയ്ക്കും ഭൂമിക്ക് തോന്നുംപടി മൂല്യനിർണയം നടത്തി. ഭാസുരാംഗൻ ഭാരവാഹിയായ മാറനല്ലൂർ ക്ഷീരസംഘത്തിനും ക്രമവിരുദ്ധമായി പണം നൽകി. സംഘത്തിൽ സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപയുടെ ഓഹരിയും എടുത്തു. ഇത് ഭാസുരാംഗന്റെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാസുരാംഗനിൽ നിന്ന് 5,11,13,621 രൂപ ഈടാക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
2003 മുതലുള്ള ഭരണ സമിതി അംഗങ്ങളും സെക്രട്ടറിമാരും തുക അടയ്ക്കേണ്ടവരുടെ പരിധിയിലുണ്ട്. കുറ്റക്കാർക്കെതിരെ സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം സഹകരണ മേഖല അപകടത്തിലാകുമെന്നും സഹകരണ നിയമം 68(1) അനുസരിച്ചു നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates