

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. 23 വയസ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കര്‍ശനമായി പാലിക്കണമെന്നും എം ലിജു മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമായിരിക്കും ഇതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
23 വയസാണ് മദ്യം ഉപയോഗിക്കുന്നതിന് കേരളത്തില്‍ അംഗീകരിക്കപ്പെട്ട കുറഞ്ഞപ്രായം. നെടുമ്പാശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുന്‍പാണ് കേസെടുക്കാന്‍ താന്‍ എക്‌സൈസിന് നിര്‍ദേശം നല്‍കിയത്. കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ശക്തമായ ശിക്ഷ നല്‍കി. ഇനി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കേരളത്തില്‍ എവിടെയെങ്കിലും നിയമാനുസൃതമായ പ്രായപരിധിയില്‍ താഴെയുള്ളവര്‍ക്ക് മദ്യം കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി ഉണ്ടാകും. ആ ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
അതുകൊണ്ട് കേരളത്തിലെ ബാറുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മദ്യം കഴിക്കാനുള്ള അവകാശം നിയമപ്രകാരം 23 വയസ് ആണെങ്കില്‍ ഈ പ്രായപരിധി കഴിഞ്ഞവര്‍ കഴിച്ചാല്‍ മതി. അതില്‍ താഴെയുള്ളവരെ കൃത്യമായി പരിശോധിക്കേണ്ട ഉത്തരവാദിത്തം ബാറുകള്‍ക്ക് ആണ്. കേരളത്തില്‍ നിരുത്തരവാദപരമായ നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മദ്യം കൊടുക്കുക, ആ മദ്യം കഴിച്ച് അവര്‍ അപകടം ഉണ്ടാക്കുക. നിരവധി കുടുംബങ്ങള്‍ അനാഥമാകുക. അതിന് അവസരം ഉണ്ടാക്കിയാല്‍ ബാറുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. നിയമം പാലിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കാണ്. പ്രായത്തില്‍ സംശയം തോന്നിയാല്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ബാര്‍ അധികൃതര്‍ പരിശോധിക്കണം. എന്നിട്ട് മാത്രമേ മദ്യം നല്‍കാവൂ എന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates