'മത്സരിക്കാന്‍ പണം കണ്ടെത്തിയത് ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് വിറ്റ്; കോടിക്കണക്കിന് രൂപ കിട്ടിയെന്ന് പഴി, ഞാന്‍ ട്വന്റി 20ല്‍ പെട്ടുപോയി'

ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും തൃക്കാക്കര മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍
Akhil Marar
സാബു എം ജേക്കബിനൊപ്പം അഖില്‍ മാരാര്‍ FILE
Edited By:
Updated on
3 min read

കൊച്ചി: ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും തൃക്കാക്കര മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കി ട്വന്റി 20ല്‍ എത്തിച്ച സാബു ജേക്കബ് തന്നെ ചതിച്ചതായി അഖില്‍ മാരാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നോമിനേഷന്റെ അന്നാണ് സാബു ജേക്കബ് എന്ന മനുഷ്യന്‍ തൃക്കാക്കരയില്‍ വന്നത്. അല്ലാതെ തൃക്കാക്കരയില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇല്ലാത്ത ഒരേ ഒരു മണ്ഡലം തൃക്കാക്കര ആയിരുന്നുവെന്നും അഖില്‍ മാരാര്‍ കുറ്റപ്പെടുത്തി. ട്വന്റി 20 പാര്‍ട്ടി വിട്ട ശേഷം പ്രതികരിക്കുകയായിരുന്നു അഖില്‍ മാരാര്‍.

'തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ട്വിന്റി 20ക്ക് വോട്ട് ചെയ്തവര്‍ അകന്നുപോയെന്ന് മനസിലായി. പ്രചാരണത്തിനായി ട്വിന്റി 20ല്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് മുഴുവന്‍ സമയവും എന്റെ ഒപ്പം ഉണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്നും എന്നെ ഇഷ്ടപ്പെടുന്ന മറ്റു പ്രദേശങ്ങളില്‍ നിന്നും ഉള്ളവരെ ഇവിടെ എത്തിച്ചാണ് പ്രചാരണം നടത്തിയത്. അവര്‍ക്ക് മുറിയെടുത്ത്് കൊടുത്തു താമസിപ്പിച്ചു. 20 ലക്ഷം രൂപ കൊടുത്ത് ഞാന്‍ ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാന്‍ വിറ്റു. അതിന് ശേഷം ഇക്കാര്യം അദ്ദേഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്ത ശേഷമാണ് ചെലവാക്കിയ പണം പോലും തിരികെ നല്‍കാന്‍ അവര്‍ തയ്യാറായത്'- അഖില്‍ മാരാര്‍ പറഞ്ഞു.

'തൃക്കാക്കര മത്സരിക്കണമെന്നത് ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ള കാര്യമല്ല. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കണമെന്ന ആഗ്രഹവുമായി നിന്ന സമയത്ത് എന്‍ഡിഎയുടെ പല ടീമുകള്‍ എന്നെ ബന്ധപ്പെട്ടു. സാമ്പത്തിക ഓഫറുകള്‍ നല്‍കി. ഹം എന്ന എന്‍ഡിഎയുടെ കക്ഷി എന്നെ ബന്ധപ്പെട്ടു. അവരെയൊക്കെ ഞാന്‍ പുച്ഛിച്ച് തള്ളിക്കളഞ്ഞതാണ്. സ്വതന്ത്രനായി മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ ഇതേ സ്വതന്ത്രന്റെ സ്വാതന്ത്ര്യത്തോടെ മത്സരിക്കാന്‍ കഴിയുന്ന ഒരു ഇടമാണ് ട്വിന്റി 20ല്‍ ഉള്ളത് എന്ന് പറഞ്ഞാണ് ഇവര്‍ എന്നെ സമീപിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ബിജെപിക്ക് 40,000 വോട്ട് കിട്ടിയതാണ്. നിയമസഭയില്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവിടെ എനിക്ക് നിരവധിപ്പേരുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഞാന്‍ ഒരുപാട് വര്‍ഷം അവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ബിജെപി വോട്ട് കൂടാതെ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് പിടിക്കാന്‍ കഴിയുന്ന വോട്ടുകള്‍ അവിടെ ഉണ്ടായിരുന്നു. കൊടിക്കുന്നില്‍ സുരേഷുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ വിള്ളലുകളില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയുന്ന വോട്ടുകള്‍ , അങ്ങനെ വലിയൊരു സാധ്യത മുന്നില്‍ കണ്ടാണ് ട്വിന്റി 20ലേക്ക് പോകാന്‍ തയ്യാറായത്. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത തീരുമാനത്തില്‍ ഏറ്റവും പാളി പോയ തീരുമാനമായിരുന്നു അത്. അത് എന്റെ കുഴപ്പം കൊണ്ടായിരുന്നില്ല.സാബു ജേക്കബ് ചതിച്ചത് കൊണ്ടാണ്'- അഖില്‍ മാരാര്‍ തുടര്‍ന്നു.

'എനിക്ക് കൊട്ടാരക്കര സീറ്റ് തരാമെന്ന് ഡല്‍ഹിയില്‍ വെച്ച് ഉറപ്പുവാങ്ങിയ സാബു ജേക്കബ് പിന്നീട് രശ്മി വരുന്നു എന്ന് മനസിലാക്കി നിലപാട് മാറ്റുകയായിരുന്നു. പലവട്ടം സാബു ജേക്കബുമായി ബന്ധപ്പെട്ടപ്പോള്‍ കൊട്ടാരക്കരയില്‍ വര്‍ക്ക് ചെയ്‌തോളൂ, ക്യാംപെയ്ന്‍ നടത്തിക്കോളൂ, എന്നാണ് സാബു ജേക്കബ് പറഞ്ഞത്. പിന്നീട് കൊട്ടാരക്കരയില്‍ രശ്മി വരുന്നു. ഇക്കാര്യം രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സാബു ജേക്കബ് മറന്നുപോയി എന്നാണ്. ഒരാള്‍ ഒരു പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ സംഘടനയില്ലാത്ത സ്ഥലത്ത് സീറ്റ് കൊടുക്കുകയാണ്. തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ ഇടപെട്ട് എനിക്ക് മാന്യമായ സീറ്റ് ലഭിക്കണമെന്ന് കരുതിയാണ് തൃപ്പുണിത്തുറ ട്വിന്റി 20യ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ബിജെപി എടുത്ത തീരുമാനമാണത്. വിഷയത്തില്‍ ആര്‍എസ്എസും ഇടപെട്ടു. കൊട്ടാരക്കരയില്‍ സീറ്റ് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഖില്‍ മാരാറിന് മാന്യമായ സീറ്റ് നല്‍കണമെന്ന് ആര്‍എസ്എസ് പറഞ്ഞു. തൃപ്പൂണിത്തുറ സീറ്റ് എനിക്ക് എന്ന് പറയുകയും പിന്നീട് സാബു ജേക്കബ് എന്തോ തരികിട ആരുമായി ചേര്‍ന്ന് ചെയതു എന്ന് എനിക്ക് അറിയില്ല. എന്നോട് മാര്‍ച്ച് 15-ാം തീയതി പറയുന്നു. തൃക്കാക്കര സീറ്റാണ് അഖില്‍ മാരാറിന് ഡല്‍ഹിയില്‍ നിന്ന് എഴുതി വന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഞാന്‍ തിരിച്ചു ചോദിച്ചു. ഡല്‍ഹിയില്‍ നിന്ന് എന്തിനാണ് എഴുതി വരുന്നത്. ഞാന്‍ വിഡ്ഢിയാണെന്നാണോ നിങ്ങളുടെ വിചാരം. ട്വിന്റി 20യ്ക്ക് സീറ്റ് നല്‍കുക എന്ന ജോലിയല്ലേ ബിജെപിക്കുള്ളൂ. ട്വിന്റി 20യ്ക്ക് ബിജെപി തൃപ്പൂണിത്തുറ സീറ്റ് നല്‍കിയാല്‍ അവിടെ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണോ എന്ന് ഞാന്‍ ചോദിച്ചു. സാബു ജേക്കബ് അല്ലേ തീരുമാനിക്കുന്നത്. ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തിന് മെസേജ് ചെയ്തു. എനിക്ക് വലിയ തെറ്റ് പറ്റി എന്ന് ഞാന്‍ പൊതുസമൂഹത്തോട് പറഞ്ഞു കൊണ്ട് ഈ തെറ്റ് അവസാനിപ്പിക്കും എന്ന് പറഞ്ഞ് മാര്‍ച്ച് 15-ാം തീയതി തന്നെ മെസേജ് അയക്കുന്നു. എന്നെ സംബന്ധിച്ച ഞാന്‍ പെട്ടുപോയി. ഉടന്‍ തന്നെ ഞാന്‍ എന്‍ഡിഎയിലേക്ക് എന്ന് വാര്‍ത്ത വരുന്നു. അപ്പോള്‍ ഞാന്‍ രാഷ്ട്രീയമായി മാറി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസിലാക്കി പിന്നീട് ആ തീരുമാനം സ്വീകരിക്കുകയായിരുന്നു'- അഖില്‍ മാരാര്‍ പറഞ്ഞു.

'തൃക്കാക്കരയെങ്കില്‍ തൃക്കാക്കര. അത് ബെസ്റ്റ് ആയി ചെയ്യുക. തൃക്കാക്കരയില്‍ പ്രചാരണത്തിന് ട്വിന്റി 20ല്‍ നിന്ന് രണ്ടേ രണ്ടുപേര്‍ മാത്രമാണ് എനിക്കൊപ്പം മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് ഉണ്ടായത്. മത്സരിച്ച് ജയിച്ച കൗണ്‍സിലര്‍ ഇവരെ തിരിഞ്ഞു നോക്കിയില്ല. ഒരു ദിവസം ഇവരെ കാണാന്‍ പോയപ്പോള്‍ സുഖമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ നിന്നവരാണ് അവര്‍. സാബു ജേക്കബിന്റെ നിലപാടിനെ എതിര്‍ത്ത് കൊണ്ട് തൃക്കാക്കരയിലെ ട്വിന്റി 20 പ്രവര്‍ത്തകര്‍ ആരും പ്രചാരണത്തിന് ഇറങ്ങിയില്ല. മത്സരം തുടങ്ങിയപ്പോള്‍ തന്നെ ട്വിന്റി 20ക്ക് വോട്ട് ചെയ്തവര്‍ അകന്നുപോയെന്ന് മനസിലായി. തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ മറ്റു ആവശ്യങ്ങള്‍ ഒന്നും ചോദിച്ചില്ല. കൊല്ലം ജില്ലയില്‍ ട്വിന്റി 20യുടെ ജില്ലാ പ്രസിഡന്റ് ആക്കാന്‍ ഞാന്‍ പറഞ്ഞു. ട്വന്റി 20യ്ക്ക് ആളും പേരുമില്ലാത്ത പ്രദേശമാണ് കൊല്ലം ജില്ല. ഞാന്‍ ട്വിന്റി 20യുടെ കൊല്ലം ജില്ലാ പ്രസിഡന്റായി ചെല്ലാം. ചെയ്യാന്‍ കഴിയുന്നത് ചെയ്യാം. രണ്ടര മാസമായി ഒരു മറുപടിയുമില്ല, മെസേജും ഇല്ല. അതിനിടെ ടിവികെ വരുന്നു. വിജയ് അവിടെ ജയിക്കുന്നു. വിജയിക്ക് ഇവിടെ ഫാന്‍സ് ഉണ്ട് കേരളത്തില്‍. നമുക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന നിഷ്പക്ഷ ജനത മാറിപ്പോകാന്‍ സാധ്യതയുണ്ട് എന്നും ഞാന്‍ പറഞ്ഞു. ആഗ്രഹിച്ച് വാങ്ങിയ ബൈക്ക് വിറ്റ് മത്സരിച്ച ഞാന്‍ തെരഞ്ഞെടുപ്പിന് ശേഷം പഴി കേട്ടു. കോടിക്കണക്കിന് രൂപ കിട്ടിയത് കൊണ്ടാണ് മത്സരിച്ചത് എന്നായിരുന്നു പഴി. പറഞ്ഞ സീറ്റും തന്നില്ല. ബിജെപി നല്‍കിയ തൃപ്പൂണിത്തുറ സീറ്റും നല്‍കിയില്ല. ആരും പേരുമില്ലാത്ത തൃക്കാക്കരയില്‍ കൊണ്ടുവന്നിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാന്‍ ബിജെപി ട്വിന്റി 20യ്ക്ക് വലിയൊരു തുക നല്‍കിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ഇത് ഉപയോഗിച്ചിട്ടില്ല. ഈ ഫണ്ട് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും അതിന്റെ പഴി ഞങ്ങള്‍ കേള്‍ക്കേണ്ടിയും വന്നു.'- അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

'എറണാകുളത്തിന്റെ ചുമതല എ എന്‍ രാധാകൃഷ്ണനായിരുന്നു. എ എന്‍ രാധാകൃഷ്ണന്‍ ആദ്യം ചെയ്തത് കൊട്ടാരക്കരയില്‍ നിന്ന് എന്നെ എങ്ങനെ ഒഴിവാക്കാമെന്നായിരുന്നു. എ എന്‍ രാധാകൃഷ്ണന് വ്യക്തിപരമായി എന്നോട് ശത്രുത ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എ എന്‍ രാധാകൃഷ്ണന്‍ ഇടപെട്ടാണ് രശ്മിയെ അവിടെ കൊണ്ടുവരുന്നത്. എന്നെ ആദ്യം തൃക്കാക്കരയില്‍ അനൗണ്‍സ് ചെയ്ത ശേഷം സമ്മതപൂര്‍വ്വം തൃക്കാക്കരയില്‍ വന്നതാണ് എന്ന് വരുത്തിതീര്‍ത്തിട്ട് തൃപ്പൂണിത്തുറയില്‍ പുതിയ ആളെ പരിഗണിക്കുകയാണ് ചെയ്തത്. തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് സാന്നിധ്യമുള്ള സ്ഥലമാണ്. അവിടെ എനിക്ക് രാഷ്ട്രീയം പറയായിരുന്നു. തൃക്കാക്കരയില്‍ എനിക്ക് ഉമാ തോമസിനെതിരെ ഒരു രാഷ്ട്രീയവും പറയാന്‍ ഇല്ല. പാവപ്പെട്ട സ്ത്രീയാണ്. അവിടെ അവര്‍ക്കെതിരെ എന്ത് കടന്നാക്രമണമാണ് നടത്താന്‍ സാധിക്കുക. തൃപ്പൂണിത്തുറയില്‍ ബിജെപി സംഘടനയും എനിക്ക് വ്യക്തിപരമായി പിടിക്കാന്‍ കഴിയുന്ന വോട്ടുകളും ചേര്‍ത്ത് മിനിമം 40,000 വോട്ടുകള്‍ പിടിക്കാമായിരുന്നു. അടുത്ത പ്രാവശ്യം ആ സീറ്റ് അഖില്‍ മാരാര്‍ക്ക് മത്സരിക്കാന്‍ വേണ്ടി ലഭിക്കുന്ന സാഹചര്യവും ഉണ്ടാവുമായിരുന്നു. അതില്‍ നിന്ന് എന്നെ ബുദ്ധിപരമായി ഒഴിവാക്കുകയായിരുന്നു.'- അഖില്‍ മാരാര്‍ പറഞ്ഞു.

Akhil Marar
വാഹന മോഡിഫിക്കേഷനില്‍ എന്തൊക്കെ മാറ്റങ്ങളാകാം; നിങ്ങള്‍ക്കും അഭിപ്രായം പറയാം, സര്‍വേയുമായി മോട്ടോര്‍ വാഹനവകുപ്പ്
Akhil Marar
അപകടം ഡ്രൈവറുടെ അശ്രദ്ധയാവാം, പിന്‍സീറ്റ് യാത്രികന്റെ നഷ്ടപരിഹാരം വെട്ടിക്കുറയ്ക്കാനാകില്ല: ഹൈക്കോടതി
Summary

Akhil Marar's reaction to leaving the Twenty20 party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com