

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റെഗുലർ വിഭാഗത്തിൽ മാത്രം 4,26, 999 വിദ്യാർത്ഥികൾ ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2962 സെന്ററുകളാണ് പരീക്ഷയ്ക്ക് തയ്യാറാക്കിയത്.
പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുന്നത്. 4,32,436 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. ഇവർക്കായി 2005 പരീക്ഷ സെൻ്ററുകൾ ഒരുക്കിയിട്ടുണ്ട്. ഗൾഫിൽ എട്ടും ലക്ഷദ്വീപിൽ ഒൻപതും പരീക്ഷ സെൻ്ററുകൾ ഒരുക്കിയിട്ടുണ്ട്.
2022 ജൂണ് ഒന്നിന് അടുത്ത അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിനായിരിക്കും പ്രവേശനോത്സവം. അധ്യയനം തുടങ്ങും മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ നന്നാക്കാനായി ഡിജിറ്റൽ ക്ലിനിക്കുകൾ സംഘടിപ്പിക്കും. അക്കാദമിക്ക് മാസ്റ്റർ പ്ലാനും തയാറാക്കും. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്ക് മെയിൽ പരിശീലനം നൽകും. എൽകെജി, യുകെജി ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇത്തവണയും അഞ്ചാം വയസിൽ തന്നെയാവും. ദേശീയ വിദ്യാഭ്യാസനയപ്രകാരം വയസ് കൂട്ടുന്നതിൽ അടുത്ത തവണ വ്യക്തത വരുത്തും. ഖാദർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates