

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി വീണ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബ്. 'പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ, ചായ കുടിക്കാന്‍ പോയതല്ലല്ലോ' എന്നാണ് അലൻ ഷുഹൈബ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
പന്തീരാങ്കാവ് യുഎപിഎ കേസിൽ അലന്‍ ഷുഹൈബും താഹ ഫസലും അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരിഹാസം അതേപടി ആവർത്തിക്കുകയാണ് അലൻ ചെയ്തിട്ടുള്ളത്. അറസ്റ്റിനെ ന്യായീകരിച്ച പിണറായി വിജയൻ, 'ഇരുവരും ചായകുടിക്കാന്‍ പോയപ്പോഴല്ലല്ലോ അറസ്റ്റിലായത്' എന്നായിരുന്നു പരിഹാസത്തോടെ ചോദിച്ചത്. ഇതാണ് പിണറായിക്കെതിരെ അലൻ തിരിച്ചടിച്ചത്.
2019 നവംബറിലായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ വെച്ച് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും മാവോയിസ്റ്റ് ആശയപ്രചാരണം നടത്തിയെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നാലെ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തുകയും കേസ് എന്‍ഐഎ ഏറ്റെടുക്കുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates