സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

കുട്ടി കളിക്കുന്നതിനിടെ ജനലിൽ നിന്നും വീണു; പൊള്ളലേറ്റത് കുന്തിരിക്കം പുകച്ചപ്പോൾ; മർദ്ദിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ

ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് മുത്തങ്ങയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
Published on

കൊച്ചി: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടര വയസ്സുകാരിയെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്തായ ആന്റണി ടിജിന്‍. കുട്ടി കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. കുട്ടി കളിക്കുന്നതിനിടെ ജനലില്‍ നിന്നും വീണപ്പോഴുണ്ടായ പരിക്കാണെന്ന് ആന്റണി ന്യൂസ് ചാനലുകളോട് പറഞ്ഞു. 

കുട്ടിയുടെ ദേഹത്ത് പഴക്കം ചെന്ന മുറിവുകളും ചതവുകളും ഉള്ളകാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, കുട്ടി വീണാല്‍ കരയുന്ന പ്രകൃതക്കാരിയല്ല. അത് കുട്ടിയുടെ അമ്മയോട് ചോദിച്ചാല്‍ തന്നെയറിയാം. മുമ്പ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇഞ്ചക്ഷന്‍ പേടിയാണെന്ന് പറഞ്ഞ് കുട്ടി കരയുമെന്നും പോകാൻ സമ്മതിക്കാറില്ലെന്നും ആന്റണി പറയുന്നു. 

നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്

കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റത്, കുന്തിരിക്കം പുകച്ചപ്പോള്‍ തട്ടിമാറ്റിയപ്പോള്‍ ഉണ്ടായതാണ്. കൈ ഒടിഞ്ഞതിനെക്കുറിച്ച് അറിയില്ല. തലയ്ക്ക് പരിക്കേറ്റത് വീണപ്പോല്‍ സംഭവിച്ചതായിരിക്കാം. അതിനെക്കുറിച്ച് തനിക്കറിയില്ല. പൊലീസിന്റെ അടുത്ത് സ്റ്റേറ്റ്‌മെന്റ് കൊടുക്കാന്‍ പോകും. തനിക്ക് നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്. 

കുട്ടി എഴുന്നേറ്റ് വരണമെന്ന്  ആഗ്രഹിച്ച് ഇടപ്പള്ളിയിലും കൊടുങ്ങല്ലൂരിലുമെല്ലാം പോയി പ്രാര്‍ത്ഥിച്ചു. കുട്ടി എഴുന്നേറ്റു വന്നാല്‍ അതുതന്നെ പറയും എന്താണ് സംഭവിച്ചതെന്ന്. നേരത്തെ പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ മൊഴി കൊടുക്കാന്‍ പോയതാണ്. അന്ന് ഒരു കാര്യവുമില്ലാതെ കുട്ടിയുടെ അച്ഛന്‍ വന്ന് പ്രശ്‌നമുണ്ടാക്കി. ലഹരിക്ക് അടിമയാണെന്നൊക്കെ പറഞ്ഞ് പരാതി നല്‍കി. 

ഇതേത്തുടര്‍ന്ന് അഞ്ചു ദിവസം പൊലീസ് സ്റ്റേഷനിലിട്ട് എസ്‌ഐ അടക്കം മര്‍ദ്ദിച്ചു. തനിക്ക് സ്‌ട്രോക്ക് വന്നയാളാണ്. ഇനിയും പൊലീസുകാര്‍ ഇടിച്ചാല്‍ താന്‍ മരിച്ചുപോകും. അതുകൊണ്ടാണ് മാറിനില്‍ക്കുന്നത്. കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ താന്‍ ജീവിച്ചിരുന്നേ മതിയാകൂ എന്നും ആന്റണി ടിജിന്‍ ന്യൂസ് ചാനലുകളോട് പറഞ്ഞു

ടിജിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി

കുട്ടിക്കും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയുടെ ആണ്‍സുഹൃത്ത് ആന്റണി ടിജിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് മുത്തങ്ങയിലാണെന്ന് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലെത്തണമെന്ന് കാണിച്ച് എസ്എംഎസ് അയച്ചെങ്കിലും പ്രതികരണമില്ലെന്നാണ് പൊലീസ് പറയുന്നത്. 

ശരീരമാസകലം പരിക്കേറ്റ് അതീവഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ആന്തരിക രക്തസ്രാവത്തിന് നേരിയ കുറവുണ്ട്. കുട്ടിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ട്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എങ്കിലും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com