തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തിലെ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നുവെന്ന് സിപിഎം നേതാവ് ഡി ആര്‍ അനില്‍. എന്നാല്‍ കത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമാണ് അനില്‍.
എസ്എടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തു വന്ന കത്ത് താന്‍ തന്നെ എഴുതിയതാണ്. ആശുപത്രിയിലെ വിശ്രമകേന്ദ്രം തുറക്കുന്നില്ല എന്നാരോപിച്ച് മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ നിയമനങ്ങള്‍ ഒന്നു സ്പീഡ് ആക്കാമോ എന്നു ചോദിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത്.
കത്തു തയ്യാറാക്കിയ സമയത്തു തന്നെ അവിടെയിരുന്ന് ഡിഎംസിയെ വിളിച്ചിരുന്നു. അതേത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കിയില്ല. കത്ത് നല്‍കുകയുമില്ല. ആ കത്ത് എടുത്തുവെച്ചാണ് മേയറുടെ കത്തിനൊപ്പം പ്രചരിപ്പിക്കുന്നത്. ആ കത്ത് എങ്ങനെ പുറത്തു പോയി എന്നതില്‍ അന്വേഷണം വേണമെന്നും ഡി ആര്‍ അനില്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്താനും സഹായം കിട്ടുമോയെന്ന് അറിയാനുമാണ് കത്തെഴുതിയത്.
കത്തെഴുതിയപ്പോള്‍ തന്നെ അതു ശരിയല്ലെന്ന് തോന്നിയിരുന്നു. അതിനാലാണ് കത്ത് കൈമാറാതിരുന്നത്. എല്‍ഡിഎഫിന്റെ ഭരണത്തില്‍ പിന്‍വാതില്‍ വഴിയുള്ള നിയമനമൊന്നും നടക്കുന്നില്ല. പത്രങ്ങള്‍ വഴി അപേക്ഷകള്‍ ക്ഷണിച്ച്, നല്ല പാനലിനെ വെച്ച് ഇന്റര്‍വ്യൂ നടത്തിയാണ് നിയമിക്കുക. കുടുംബശ്രീ വഴി നിയമനം നടത്താനാണ് തീരുമാനിച്ചിരുന്നത്. കുടുംബശ്രീ സ്വതന്ത്ര ഏജന്‍സിയാണ്. വികസന കാര്യം എന്ന നിലയിലാണ് നിയമനത്തില്‍ ഇടപെട്ടത്. ആശുപത്രിയിലേത് വലിയ ദുരിതാവസ്ഥയാണെന്നും, വിശ്രമകേന്ദ്രം അടിയന്തരമായി തുറക്കേണ്ട സാഹചര്യമാണെന്നും ഡി ആര്‍ അനില്‍ പറഞ്ഞു.
അതിനുവേണ്ടിയുള്ള പ്രയത്‌നമാണ് നടത്തുന്നത്. ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും അപേക്ഷകളും നിവേദനങ്ങളും നല്‍കാറുണ്ട്. മേയറുടെ കത്തുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്, മേയര്‍ നഗരസഭയുടെ അധ്യക്ഷയല്ലേയെന്നും, അക്കാര്യമൊന്നും തന്നെ അറിയിക്കേണ്ട കാര്യമില്ലല്ലോയെന്നും അനില്‍ പറഞ്ഞു. തന്റെ പേരില്‍ പ്രചരിക്കുന്ന കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates