

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. 'ശ്രീദേവി' എന്ന പേരിലുള്ള വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് വീണ്ടെടുത്തത്. മൂന്ന് വര്‍ഷത്തെ ചാറ്റുകള്‍ കണ്ടെടുത്തു. നൂറിലേറെ പേജുകള്‍ വരുന്ന സന്ദേശങ്ങള്‍ വിശദമായി പരിശോധിക്കും. മറ്റേതെങ്കിലും ദമ്പതികളെയും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇരട്ട നരബലിക്കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ എഡിജിപി വിജയ് സാഖറെ നിര്‍ദേശം നല്‍കി. ഡിജിപി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിലാണ് എഡിജിപി നിര്‍ദേശം നല്‍കിയത്. ഷാഫിയും ഭഗവല്‍ സിങ്ങും ലൈലയും കൂടുതല്‍ പേരെ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഷാഫിയുടെ മുന്‍കാല കുറ്റകൃത്യങ്ങളെല്ലാം വിശദമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെ മിസ്സിങ് കേസുകള്‍ ഗൗരവമായി പരിശോധിക്കണം. നിലവില്‍ അന്വേഷണം എങ്ങുമെത്താത്ത കേസുകള്‍ വിശദമായി പരിശോധിക്കണം. ലഭിക്കുന്ന തെളിവുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി കൃത്യമായ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും അവലോകനയോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍, ആലുവ റൂറല്‍ എസ്പി, നരബലിക്കേസിന് തുമ്പുണ്ടാക്കിയ കൊച്ചി ഡിസിപി ശശിധരന്‍, പെരുമ്പാവൂര്‍ എഎസ്പി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഷാഫിക്ക് ലഹരിമാഫിയ, സെക്‌സ് റാക്കറ്റ് തുടങ്ങിയവയുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷാഫിയുടെ ഹോട്ടലില്‍ സ്ഥിരമായി വന്നുപോയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും 25 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് കണ്ടെത്തി. ഇലന്തൂരിലെ രണ്ട് സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പ മാത്രം 18 ലക്ഷം രൂപയാണ്. മറ്റു പലരില്‍ നിന്നായി അഞ്ചു ലക്ഷത്തിലേറെ രൂപ കടംവാങ്ങിയതായുമാണ് വെളിപ്പെടുത്തല്‍. ലൈലയുടെ അവിവാഹിതനായ സഹോദരന്റെ ഭൂമി പണയം വെച്ചും കടമെടുത്തു. ബാധ്യതകള്‍ മറികടക്കാനുള്ള എളുപ്പവഴിയായാണ് ഷാഫി നരബലി നിര്‍ദേശിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates