പിടിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു, എസ്ഐയുടെ തോക്കിനായി പിടിവലി; അബദ്ധത്തിൽ വെടിയേറ്റ് പ്രതിക്ക് പരിക്ക്
പത്തനംതിട്ട; മോഷണക്കേസിലെ പ്രതിയുടെ പരാക്രമം അതിരുകടന്നു, അവസാനം എസ്ഐയുടെ സർവീസ് റിവോൾവറിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് പ്രതിക്കും പരിക്കേറ്റു. പ്രതിയുടെ ആക്രമണത്തിൽ രണ്ട് എസ്ഐമാർ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കേറ്റു. പത്തനാപുരം പുന്നല ചാച്ചിപ്പുന്ന ഇഞ്ചൂർ കോളനിയിലുള്ള മുകേഷിന്റെ ബന്ധുവീട്ടിൽ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
പുനലൂർ പ്ലാച്ചേരി ചരുവിളപുത്തൻവീട്ടിൽ മുകേഷിന്റെ (28) മുഖത്താണ് വെടിയേറ്റത്. പുന്നല നീലകണ്ഠപുരം ശിവക്ഷേത്രം, ഗവ. വിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ മോഷണം നടന്നിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യത്തിൽനിന്ന് മുകേഷാണ് മോഷണം നടത്തിയതെന്നു കണ്ടെത്തി. തുടർന്ന് ഇയാളെ അന്വേഷിച്ച് പൊലീസ് ബന്ധുവീട്ടിൽ എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
കട്ടിലിന് അടിയിൽ ഒളിച്ചു പിടിയിലായതോടെ ആക്രമണം
ഇയാൾ വീട്ടിലില്ല എന്നായിരുന്നു ആദ്യം കിട്ടിയ മറുപടി. തുടർന്ന് നടത്തിയ തിരച്ചിലിൽ കട്ടിലിന് അടിയിൽ ഒളിച്ചിരിക്കുന്ന മുകേഷിനെ കണ്ടെത്തി. പിടികൂടുന്നതിനിടെ എസ്ഐ അരുൺകുമാറിനെ ഇയാൾ ചവിട്ടിവീഴ്‌ത്തി. മറ്റുള്ളവർ ചേർന്ന് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തിയെടുത്ത് പോലീസുകാരെ ആക്രമിച്ചു. അതിനിടെ സിവിൽ ഓഫിസറായ ടി വിഷ്ണുവിന്റെ കഴുത്തിൽ പിടിയിട്ട ഇയാൾ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. സഹപ്രവർത്തകനെ രക്ഷിക്കാൻ അരുൺകുമാർ റിവോൾവർ പുറത്തെടുത്തു. കത്തി താഴെയിടാൻ പറയുന്നതിനിടെ പോലീസുകാരനെവിട്ട് മുകേഷ്, എസ്.ഐ.യുടെ കൈയിലിരുന്ന തോക്കിൽ പിടിമുറുക്കി. പിടിവലിക്കിടെ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിപൊട്ടി. വെടിയുണ്ട മുഖത്ത് ഉരസിപ്പോയതിനാൽ മുകേഷിന് നിസ്സാരപരിക്കേ ഏറ്റുള്ളൂ. വെടിശബ്ദം കേട്ടതോടെ ഭയന്നുപോയ ഇയാളെ പോലീസുകാരും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തി കെട്ടിയിട്ടു.
പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കേസ്
വിഷ്ണുവിന്റെ കഴുത്തിനു പൊട്ടലുണ്ട്. കൂടാതെ പത്തനാപുരം സ്റ്റേഷനിലെ എസ്ഐമാരായ ജെ.പി.അരുൺകുമാർ, സാബു പി.ലൂക്കോസ്, സിവിൽ പോലീസ് ഓഫീസർ വിഎസ് വിനീത് എന്നിവർക്കും ആക്രമത്തിൽ പരുക്കേറ്റു. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രതിയെ അവിടെനിന്ന് വിട്ടയച്ചശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവിധ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവുകച്ചവടം ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് മുകേഷെന്ന് പത്തനാപുരം ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ അറിയിച്ചു. പോലീസുകാരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാളുടെ പേരിൽ കേസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

