സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം, ഗവര്‍ണറെ നേരിടാന്‍ ഏതറ്റംവരെയും പോകും; എം വി ഗോവിന്ദന്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
എംവി ഗോവിന്ദന്‍/ബിപി ദീപു
എംവി ഗോവിന്ദന്‍/ബിപി ദീപു
Updated on: 
1 min read

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാര്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ വഴി ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ് ബിജെപി നീക്കമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഗവര്‍ണര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണിയില്‍ തന്നെ കോണ്‍ഗ്രസ് നിലപാടിന് എതിരെ വിമര്‍ശനമുണ്ട്. മുസ്ലിം ലീഗും ആര്‍എസ്പിയും ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പമില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഭിന്നാഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിനെ അട്ടിമറിക്കാനായി ഗവര്‍ണര്‍ ശ്രമിക്കുന്നത് തടയാന്‍ ജങ്ങെളെ അണിനിരത്തും. ആരിഫ് മുഹമ്മദ് ഖാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യം വീടുകളില്‍ എത്തിക്കാനായി ലഘുലേഖ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടക്കുകയാണ്. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കും. 

പതിനഞ്ചാം തീയതിയിലെ രാജ്ഭവന്‍ മാര്‍ച്ചില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിര്‍വഹിക്കും. ഡിഎംകെ രാജ്യസഭ എംപി തിരിച്ചി ശിവയും മാര്‍ച്ചില്‍ പങ്കെടുക്കും. 15ന് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി നടത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത് കേരള ഗവണ്‍മെന്റിന്റെ നിയമത്തിന് അടിസ്ഥാനമായാണ്. ആ അധികാരം നല്‍കേണ്ടതുണ്ടോയെന്ന് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്. ആവശ്യമായ നിലപാട് സ്വീകരിക്കേണ്ടിവരും. ഗവര്‍ണര്‍ ഏതറ്റംവരെയും പോകുമെങ്കില്‍ സര്‍ക്കാരിന് ആവശ്യമായ നിലപാട് സ്വീകരിക്കാം. ബില്ലുകള്‍ തടഞ്ഞുവച്ചിരിക്കുന്നു. നിയമപരവും ഭരണഘടനപരവുമായ പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. നേരിടാനായി ഏതറ്റംവരെ പോണോ, ആ അറ്റം വരെ പോകും എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com