

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ ബാര്‍ ലൈസന്‍സിനായി പാര്‍ക്കിലെ കമ്പനികള്‍ക്ക് ക്ലബ് രൂപീകരിച്ച് ലൈസന്‍സിനായി അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ അബ്കാരി ചട്ട ഭേദഗതിക്ക് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
കഴിഞ്ഞദിവസമാണ് സമഗ്രമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന മദ്യനയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഐടി പാര്‍ക്കുകളില്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നു എന്നതാണ് പുതിയ മദ്യനയത്തിലെ മാറ്റം. കൂടാതെ പഴവര്‍ഗങ്ങളോ കാര്‍ഷിക വിഭവങ്ങളോ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതയും പുതിയ മദ്യനയം പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കുന്നതാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ.
ഐടി പാര്‍ക്കുകളില്‍ ബാര്‍ ലൈസന്‍സിനായി പാര്‍ക്കിലെ കമ്പനികള്‍ക്ക് ക്ലബ് രൂപീകരിച്ച് ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണെന്ന് എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയില്‍ പറയുന്നു. ഒരു കമ്പനിക്കോ, വിവിധ കമ്പനികള്‍ സംയുക്തമായോ ക്ലബ് രൂപീകരിച്ച് ബാര്‍ ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്. ഒന്നിലധികം അപേക്ഷകള്‍ വന്നാല്‍ എന്തു ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്തിമതീരുമാനം വരാനുണ്ട്.
ഐടി പാര്‍ക്കില്‍ അപേക്ഷ നല്‍കിയ കമ്പനിയിലെ ജീവനക്കാര്‍ക്കോ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്കോ മാത്രമായിരിക്കും ബാറില്‍ പ്രവേശനം. കൂടാതെ കമ്പനികളുമായി ബന്ധപ്പെട്ട ഒഫീഷ്യലുകള്‍ക്കോ, മറ്റു അതിഥികള്‍ക്കോ ബാറില്‍ പ്രവേശിക്കാവുന്നതാണ്. പുറത്തു നിന്നുള്ള ആരെയും പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയില്ല.
പഴവര്‍ഗങ്ങളില്‍ നിന്നോ കാര്‍ഷിക വിഭവങ്ങളില്‍ നിന്നോ വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിന് കര്‍ഷക സംഘങ്ങളെ ഏല്‍പ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. പുറത്തുനിന്നുള്ള പഴവര്‍ഗങ്ങളോ കാര്‍ഷിക വിഭവങ്ങളോ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ തനതുവിഭവങ്ങള്‍ തന്നെ ഇതിനായി ഉപയോഗിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
