

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനും, അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാന ഘടകത്തിന്റെ നായകനായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ കേന്ദ്ര നിരീക്ഷകന്‍ പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തില്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന പേരിലേക്ക് തീരുമാനം എത്തിയതെന്ന് കേന്ദ്രനേതാക്കള്‍ സൂചിപ്പിക്കുന്നു.
മുന്‍ ടെക്നോക്രാറ്റും വ്യവസായിയുമായ രാഷ്ട്രീയക്കാരനാണ് രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന ബിജെപിയുടെ അമരത്ത് രാജീവ് ചന്ദ്രശേഖര്‍ എത്തുന്നതോടെ, പരമ്പരാഗതമായി കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കുന്ന ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഹിന്ദു വോട്ട് പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
രാജീവ് ചന്ദ്രശേഖറിന് താഴേത്തട്ടില്‍ വിപുലമായ രാഷ്ട്രീയ പരിചയം ഇല്ലെങ്കിലും, വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം ഒരു തലപ്പൊക്കമുള്ള നേതാവായി പ്രവര്‍ത്തിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനായി ഒരു സംഘടനാ സെക്രട്ടറിയെ നിയോഗിച്ചേക്കും. ആര്‍എസ്എസില്‍ നിന്നുള്ള എ ജയകുമാറാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്തെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. രണ്ട് വര്‍ഷം താല്‍ക്കാലിക അധ്യക്ഷനും, മൂന്ന് വര്‍ഷം മുഴുവന്‍ കാലാവധിയും ഉള്‍പ്പെടെ അഞ്ച് വര്‍ഷം പ്രസിഡന്റായി സേവനമനുഷ്ഠിച്ച കെ സുരേന്ദ്രന്റെ പിന്‍ഗാമിയായിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ സ്ഥാനമേല്‍ക്കുന്നത്. 2024-ലെ തിരുവനന്തപുരത്തെ ലോക്സഭാ സീറ്റ് മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം, രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണത്തെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആയിരുന്നു.
തുടക്കത്തില്‍ സംസ്ഥാന പ്രസിഡന്റ് പദത്തോട് രാജീവ് ചന്ദ്രശേഖര്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന് രാജീവിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിക്കുകയായിരുന്നു.
കേരളത്തില്‍ ഏകദേശം 20 ശതമാനം വോട്ടോടെ ബിജെപിയെ ആദ്യമായി ലോക്സഭാ വിജയത്തിലേക്ക് നയിച്ച കെ സുരേന്ദ്രനും ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും കണ്ണുവെച്ചിരുന്നു. സാമുദായിക പരിഗണന വെച്ച് ശോഭ സുരേന്ദ്രന്‍ (ഈഴവ), എം.ടി. രമേശ് (വെള്ളാള സമുദായം) എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
