

കൊച്ചി: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും. ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെ വിലാസം വ്യാജമൊന്നുമല്ല. ഇവരെപ്പറ്റി വീട്ടുടമയ്ക്ക് പോലും അറിയില്ലെന്ന് പറഞ്ഞത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതൊക്കെ ഒന്നോ രണ്ടോ വല്ല തെറ്റിദ്ധാരണകളാണ്. ബാക്കി ഒന്നും അങ്ങനെ വന്നിട്ടില്ലല്ലോ. എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാനരൻ പരാമർശത്തെയും ഗോപാലകൃഷ്ണൻ ന്യായീകരിച്ചു. വാനരന്മാര്‍ എന്നത് നമ്മള്‍ എന്തു ചെയ്താലും അതേസമയം നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുല്‍ഗാന്ധി എന്താണ് ചെയ്തത്. അതേപോലെ ചെയ്യാന്‍ ശ്രമിക്കുന്നതു കൊണ്ടാണത്. രാഹുല്‍ഗാന്ധി ചെയ്യുന്നതിന് ഒരടിസ്ഥാനവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്‌സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും. ഇത് കള്ളവോട്ടല്ല. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതില്‍ ധാര്‍മിക പ്രശ്‌നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്‌നമില്ല. തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 2019ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിനു 2024ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയി എന്നും ബി ഗോപാലകൃഷ്ണൻ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
