

ഇടുക്കി; ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കുമളിയിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി മനോജ് അസിസ്റ്റ്റന്റ് ഹരികൃഷ്ണൻ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്ന് ആളൊന്നിന് 100 രൂപ വീതമാണ് മനോജ് വാങ്ങിയിരുന്നത്. ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 4000 രൂപയും കണ്ടെടുത്തു.
വളരെ തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു ഇവരെ കുടുക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും പെർമിറ്റ് സീൽ ചെയ്യാൻ കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക്പോസ്റ്റിൽ എത്തി. ആദ്യം 500 രൂപ കൊടുത്തപ്പോൾ പത്ത് പേരുള്ള വണ്ടിയിൽ ഒരാൾക്ക് 100 രൂപ വീതം 1000 രൂപ നൽകാൻ മനോജ് നിർബന്ധം പിടിക്കുകയായിരുന്നു.
ഉടൻ ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് 4000 രൂപ കണ്ടെത്തിയത്. മേശയുടെ അടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു പൈസ. വിജിലൻസ് സംഘം എത്തി 10 മിനിറ്റുകൊണ്ടാണ് 4000 രൂപ കൈക്കൂലിയായി വാങ്ങിയത്.
ഡ്യൂട്ടി സമയത്ത് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനോജ് മദ്യപിച്ചിരുന്നതായും വിജിലൻസിന് ബോധ്യമായി. വിജിലൻസ് പിടികൂടുമ്പോൾ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കൽ പരിശോധന റിപ്പോർട്ട് അടക്കമാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരായ തുടർനടപടികൾ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates