'ശ്രുതി, ബംഗളൂരുവില്‍ വീട്, യുകെയില്‍ ജോലി; ജീവിതം അടിച്ചു പൊളിക്കാന്‍ ക്രിപ്റ്റോ ട്രെയ്ഡിങ്'

ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവാവ് ഒടുവില്‍ ചെന്നുപെട്ടത് തട്ടിപ്പുകാരുടെ മുന്നിലായിരുന്നു
case diary
പ്രതീകാത്മക ചിത്രം
Updated on
2 min read

വധുവിനെ ആവശ്യമുണ്ട് എന്നൊരു പരസ്യം കൊണ്ട് ജീവിതം മാറിയ ഒരാള്‍. ആ പരസ്യം കൊണ്ടെത്തിച്ചത് പ്രതീക്ഷിച്ച പോലൊരു പങ്കാളിയില്‍ ആയിരുന്നില്ല, മറിച്ച് സര്‍വ സമ്പാദ്യവും തട്ടിയെടുത്ത ഒരു തട്ടിപ്പുകാരനിലേക്ക് ആയിരുന്നു. എറണാകുളം ജില്ലയില്‍ തുടങ്ങി മലപ്പുറത്ത് അവസാനിച്ച സാമ്പത്തിക തട്ടിപ്പിന്റെ കഥയാണ് ഇത്തവണ കേസ് ഡയറി പറയുന്നത്.

എറണാകുളം എടവനക്കാട് സ്വദേശിക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവാവ് തനിക്ക് മുന്നിലെത്തിയ ശ്രുതി എന്ന് പേരുള്ള പ്രൊഫൈലുമായി ബന്ധം സ്ഥാപിച്ചതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ബംഗളൂരു സ്വദേശിയും യുകെയില്‍ ജോലിയുമുള്ള വ്യക്തി എന്ന നിലയിലായിരുന്നു പ്രൊഫൈല്‍. ഫോട്ടോയുള്‍പ്പെടെ കണ്ട് പരസ്പരം സംസാരിച്ച ഇരുവരും പതിയെ സുഹൃത്തുക്കളാവുകയും ചെയ്തു. സ്ഥിരമായ സംഭാഷണങ്ങളിലൂടെ പരസ്പര വിശ്വാസം നേടിയ ഇരുവരും ഒടുവില്‍ വിവാഹം ചെയ്യാനും തീരുമാനിച്ചു.

ഒരു വലിയ സാമ്പത്തിക തട്ടിപ്പിന്റെ രണ്ടാം ഘട്ടം ഇവിടെ തുടങ്ങുകയായിരുന്നു. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി ഇരകളെ കണ്ടെത്തി തട്ടിപ്പ് നടത്തുന്ന വലിയ ഗൂഡാലോചനയുടെ ഇരകളില്‍ ഒരാള്‍ മാത്രമായിരുന്നു ആ യുവാവ്. പലതവണയായി യുവാവില്‍ നിന്നും നാല്‍പത് ലക്ഷം രൂപയോളം ആയിരുന്നു തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഒടുവില്‍ ചതി തിരിച്ചറിഞ്ഞ് യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

ഞാറയ്ക്കല്‍ പൊലീസിന് മുന്നിലെത്തിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു. അന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സുനില്‍ തോമസ് സംഭവം വിവരിക്കുന്നത് ഇങ്ങനെ. യുവാവിന്റെ വിശ്വാസം നേടിയ യുവതി (തട്ടിപ്പുകാര്‍) പിന്നീട് തന്റെ ആഡംബര ജീവിതത്തെ കുറിച്ചും താന്‍ നേടിയ സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചുമായിരുന്നു വിവരിച്ചത്. ക്രിപ്‌റ്റോ ട്രെയ്ഡിങ് ആണ് തന്റെ സാമ്പത്തിക മുന്നേറ്റത്തിന് കാരണം എന്ന് പതിയെ യുവാവിനെ വിശ്വസിപ്പിച്ചു. പിന്നാലെ ഇതിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഉയര്‍ന്ന ലാഭമായിരുന്നു വാഗ്ദാനം.

വിശ്വാസം ഉറപ്പിച്ച തട്ടിപ്പുകാര്‍ ട്രെയ്ഡിങ്ങിനായി കുകോയിന്‍, ഡ്യൂണ്‍ കോയിന്‍ എന്നീ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുകയും ക്രിപ്‌റ്റോ നിക്ഷേപത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ - 2024 ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ 7,44,000 രൂപയാണ് യുവാവ് കുകോയിന്‍ ആപ്പ് വഴി ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചത്. പിന്നീട് ഉയര്‍ന്ന ലാഭം ഡ്യൂണ്‍ കോയിന്‍ എന്ന ആപ്പിലാണെന്ന് വിശ്വസിപ്പിച്ചും പണം നിക്ഷേപിപ്പിച്ചു. നിക്ഷേപത്തിന് പുറമെ വ്യാജ കസ്റ്റമര്‍ സര്‍വീസ് ഇടപെടലുകളിലൂടെ 32,93,306 രൂപയും തട്ടിപ്പുകാര്‍ യുവാവില്‍ നിന്നും കൈക്കലാക്കി. 2023 ഒക്ടോബര്‍ ആറ് - ഫെബ്രുവരി 2024 കാലയളവിലായിരുന്നു ഈ പണം ഈടാക്കിയത്.

തന്റെ നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായി നഷ്ടം സംഭവിച്ചതോടെയാണ് യുവാവ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. താന്‍ വിശ്വസിച്ച യുവതിയുടെ പ്രതികരണങ്ങളും എതിര്‍പ്പും കാര്യങ്ങള്‍ അത്ര പന്തിയെല്ലന്ന് സൂചന നല്‍കിയതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിയുന്നത്.

ഞാറയ്ക്കല്‍ പൊലീസില്‍ ലഭിച്ച പരാതിയെ കുറിച്ച് എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്‌സേനയെ അറിയിച്ചതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. മാട്രിമോണിയല്‍ പ്രൊഫൈല്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ചാറ്റുകളും മറ്റ് വിവരങ്ങളും പരിശോധിച്ച് പൊലീസ് എത്തിയത് മലപ്പുറം വേങ്ങര സ്വദേശി മുജീബ് റഹ്മാന്‍ എന്ന 45 കാരനിലായിരുന്നു. മാര്‍ച്ച് 11 ന് പൊലീസ് ഇയാളെ തേടിയെത്തിയെങ്കിലും പങ്കില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ തെളിവുകള്‍ നിരത്തി പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചതോടെ മുജീബ് റഹ്മാന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മുജീബിനെ കോടതി റിമാന്‍ഡ് ചെയ്തു. എന്നാല്‍ സമാനമായ തട്ടിപ്പുകള്‍ ഇനിയും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com