

കൊച്ചി: ആലുവയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭർത്താവ് ജൗഹർ അറസ്റ്റിൽ. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്.
ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭർതൃ വീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ റൂറൽ എസ്പി അനുമതി നൽകുകയായിരുന്നു.
യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണിയാൾ.
കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ്‌ലത്തിനെ വിവാഹം കഴിച്ചത്. പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്ന് ക്രൂര പീഡനമാണ് ഏൽക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ്‌ലത്തിന്റെ പിതാവ് സലീമിനും മർദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേർന്നായിരുന്നു യുവതിയുടെ പിതാവിനെ മർദ്ദിച്ചത്. ഭർത്താവ് ജൗഹർ, ജൗഹറിന്റെ മാതാവ് സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates