

മലപ്പുറം: മനുഷ്യന്റെ ലാഭക്കൊതിയില്‍ ദുരിതം പേറി ചാകുന്ന കന്നുകാലികള്‍, ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ കന്നുകാലികളെ ഇരകളാക്കുന്നതായി ആക്ഷേപം. ഭാരതപ്പുഴയുടെ തീരങ്ങളിലാണ് ഇത്തരത്തില്‍ കന്നുകാലികള്‍ പരിചരണം ലഭിക്കാതെ ദുരിതം പേറി ജീവന്‍ വെടിയുന്നത്. ഇത്തരം സംഭവങ്ങള്‍ നദി തീരത്ത് പതിവാണെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. ഒരു കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട ഇടമായിരുന്നു ഭാരതപ്പുഴയുടെ തീരങ്ങള്‍. എന്നാല്‍ ഇന്ന് കന്നുകാലികളുടെ ചാവുനിലമാണ് പുഴയുടെ തീരം. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്ന കച്ചവട ലക്ഷ്യമാണ് ജീവികളുടെ ദുരിതത്തിന് ഇടയാക്കുന്നത് എന്ന് എടച്ചലത്തെ കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
''പുഴയുടെ തീരത്ത് കന്നുകാലികളുടെ ജഡം പതിവാണ്. ഇവ മിക്കതും ശരിയായ പരിചരണം ലഭിക്കാതെ ചാകുന്നതാണ്. ആളുകള്‍ കൊടും വെയില്‍ പോലും പരിഗണിക്കാതെ കാലികളെ പുഴയുടെ തീരത്ത് കെട്ടിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരം കാലികളാണ് വെള്ളവും ഭക്ഷണം ലഭിക്കാതെ ദുരിതം പേറി ചാകുന്നത്'' - എടച്ചലത്തെ ക്ഷീര കര്‍ഷകര്‍ രാജേഷ് എന്‍പി പറയുന്നു.
അസുഖം മൂലമോ, പ്രായാധിക്യം മൂലമോ അല്ല കന്നുകാലികള്‍ ചാകുന്നത്. ചില ആളുകളുടെ ലാഭക്കൊതി ഒന്ന് മാത്രമാണ് ഇതിന് കാരണം. 15,000 മുതല്‍ 20,000 രൂപ വരെയാണ് ഒരു കാലിയുടെ വില. ഇവയെ 80,000 രുപ വരെയുള്ള തുകയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്യും. പിന്നീട് ഒരു പരിചരവും നല്‍കാതെ പുഴയുടെ തീരത്ത് കൊണ്ടുവന്നു തള്ളും. ഇവിടെ ദുരിത പൂര്‍ണമായ ജീവിതം നയിക്കുന്ന ഈ കാലികള്‍ മികതും ചത്തുപോകുന്നതാണ് പതിവ്. രാജേഷ് പറയുന്നു. ഇത് പണത്തിനായുള്ള കൊലപാതകം ആണ് എന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സംഭവങ്ങള്‍ കൂട്ടായ കുറ്റകൃത്യമാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ കണ്ണടയ്ക്കുന്നത് ഇത്തരം രീതികള്‍ വര്‍ധിക്കാന്‍ ഇടയായിട്ടുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ കാലികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആവശ്യമാണെന്നിരിക്കെ ഇത്തരം രേഖകള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ആറോളം കന്നുകാലികള്‍ പുഴയുടെ തീരത്ത് വച്ച് ചത്തിട്ടുണ്ടെന്ന് മറ്റൊരു കര്‍ഷകനായ ഷമീര്‍ സി പി പറയുന്നു. പല കാലികളും വലിയ ദുരിതം പേറിയാണ് ജീവന്‍ വെടിഞ്ഞത്. കന്നുകാലികളെ കുടുംബാംഗങ്ങളെ പോലെ കാണുന്ന തങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഷമീര്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍, ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. കന്നുകാലികളെ ഇത്തരത്തില്‍ ദുരിത ജീവിതത്തിന് വിടുന്ന കര്‍ഷകര്‍ക്ക് എതിരെ നിയമ നടപടി വേണമെന്നും ഇന്‍ഷുറന്‍സ് തുക അനുവദിക്കരുത് എന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കര്‍ഷകരുടെ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് വിഷയത്തില്‍ മലപ്പുറത്തെ മൃഗ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
