രാജ്യാന്തര കമ്പനികള്‍ കേരളത്തിലേക്ക്; ഇത് പ്രത്യാശയുടെ കാലമെന്ന് മുഖ്യമന്ത്രി 

സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് പ്രതീക്ഷയുടെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 
കേരള പര്യടനത്തിന്റെ ഭാഗമായി പിണറായി കോട്ടയത്ത്‌
കേരള പര്യടനത്തിന്റെ ഭാഗമായി പിണറായി കോട്ടയത്ത്‌
Updated on
1 min read

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് പ്രതീക്ഷയുടെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി കോട്ടയത്ത് വിവിധ മേഖലകളില്‍നിന്നുള്ളവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.  

പ്രകൃതിക്ഷോഭവും പകര്‍ച്ചവ്യാധികളും സൃഷ്ടിച്ച വെല്ലുവിളികളെ ഒരേ മനസോടെ നേരിട്ട് സര്‍വ്വതല സ്പര്‍ശിയായ വികസനത്തിന്റെ പാതയില്‍ മുന്നേറാന്‍ സംസ്ഥാനത്തിന് സാധിച്ചു. നവകേരള നിര്‍മിതി ലക്ഷ്യമിട്ട് വിഭാവനം ചെയ്ത നാലു മിഷനുകള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. വികസനത്തിന്റെ പാതയില്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഇതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായാണ് വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്നത്.

അധികാരത്തിലെത്തുമ്പോള്‍ അനിശ്ചിതാവസ്ഥയിലായിരുന്ന പല വികസന സംരംഭങ്ങളും സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.  പ്രധാന പദ്ധതികളിലൊന്നായ ഗെയ്ല്‍ പൈപ്പ് ലൈന്‍ ജനുവരി ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവിടെ ഒന്നും നടക്കില്ല എന്ന ധാരണയില്‍നിന്ന് എല്ലാം നടപ്പാകും എന്ന ബോധ്യത്തിലേക്ക് കേരളത്തിലെ ജനങ്ങള്‍ മാറിയിരിക്കുന്നു. 

വാഗ്ദാനം ചെയ്തിരുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും നാലു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച് അഞ്ചാം വര്‍ഷം പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം ഇവയില്‍ ചിലത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. വാഗ്ദാനം ചെയ്തിട്ടില്ലാത്ത  നിരവധി പദ്ധതികളും ഇക്കാലയളവില്‍തന്നെ   നടപ്പാക്കാനായി.  

ഒരുമയോടെ മുന്നോട്ടു പോകുന്ന ജനങ്ങളാണ് കേരളത്തിന്റെ കരുത്ത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ഒരു കുടുംബവും പട്ടിണിയിലാകാതിരുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായതുകൊണ്ടാണ്. 

ഹരിത കേരളം മിഷനുകീഴില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വര്‍ധിച്ച ജനപിന്തുണ പുതിയ ശുചിത്വ, കാര്‍ഷിക സംസ്‌കാരം സൃഷ്ടിക്കാനും കാര്‍ഷികോത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനും ഉപകരിച്ചു. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. 

കോവിഡിനു മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും പതറിയപ്പോള്‍ നമ്മുടെ ആരോഗ്യ സംവിധാനം ആ പ്രതിസന്ധി നേരിടാന്‍ സജ്ജമായിരുന്നു. ലൈഫ് മിഷനു കീഴില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് വീടു നല്‍കുവാന്‍ സാധിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ട്. നമ്മുടെ ഐടി മേഖല സുസജ്ജമായി മുന്നോട്ടു പോകുകയാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം യാഥാര്‍ത്ഥ്യമായതോടെ രാജ്യാന്തര കമ്പനികള്‍ ഉള്‍പ്പെടെ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറാകുന്നു-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 
കവയത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച യോഗത്തില്‍ മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com