തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്ത ശേഷം ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകൾ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.
യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്. രോഗ വ്യാപനം വലിയ തോതിൽ ഉയർത്താൻ സാധിക്കുന്ന പുതിയ വൈറസ് പടർന്നു പിടിക്കാതിരിക്കാൻ ഗതാഗത നിയന്ത്രണങ്ങളുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഫലം കണ്ടിട്ടില്ല. കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ, ലെബനൻ, ഫ്രാൻസ്, ഡെന്മാർക്ക്, സ്‌പെയിൻ, സ്വീഡൻ, ഹോളണ്ട്, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.
രോഗത്തിന്റെ തീവ്രത വർധിപ്പിക്കാൻ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകർ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗ വ്യാപനം വർധിപ്പിക്കാൻ ഈ വൈറസിന് കഴിയുമത്രേ. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വർധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം. കോവിഡ് മരണനിരക്കും വർധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates