

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിക്കാണ് യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ആരോഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാർ, വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കണമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. സ്പ്രെഡ് തടയുന്നതിനായി കർശന നടപടികൾ വേണമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികൾ ഉണ്ടായേക്കും.
വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും പരിഗണനയിൽ?
വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും സജീവ പരിഗണനയിലുണ്ട്. കോളേജുകൾ അടച്ചിട്ടേക്കും. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ തുടങ്ങിയവ അടയ്ക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു
വരാനിരിക്കുന്നത് ഒമൈക്രോൺ സാമൂഹിക വ്യാപനത്തിന്‍റെ പ്രതിഫലനമാണെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. രോഗികളുടെ എണ്ണം കൂടുന്നതു മാത്രമല്ല, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഇപ്പോൾ തന്നെ കോഴിക്കോട് അടക്കം മെഡിക്കൽ കോളജ് ആശുപത്രി രോഗികളാൽ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികൾ നിറയുന്നു
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്ചയേക്കാൾ 192 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതിലും ഇരട്ടിയാണിത്. ഒമൈക്രോൺ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ രോഗികൾ ആശുപത്രികളിലെത്തുമെന്നാണ് വിലയിരുത്തൽ.
സി കാറ്റഗറി അതായത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് നിർദേശം നൽകണമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. താഴേത്തട്ടിലുള്ള ആശുപത്രികളിലെ കോവിഡ് ചികിത്സയും, മുമ്പ് ഉണ്ടായിരുന്നതുപോലെ സിഎഫ്എൽടിസികളും വ്യാപകമാകമാക്കിയില്ലെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം താറുമാറാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates