"തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോൾ പ്രായപൂ‍‍ർത്തിയായിരുന്നില്ല";പത്രിക തള്ളണമെന്ന് എതിർസ്ഥാനാർത്ഥി, നിലമ്പൂരിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയുടെ ഓ‍ർമ്മകൾ

നോമിനേഷന്‍ സ്‌ക്രൂട്ടിനി (പരിശോധന) സമയത്ത് പ്രധാന എതിര്‍സ്ഥാനാര്‍ത്ഥിയുടെ വക്കീല്‍ എന്റെ നാമനിര്‍ദ്ദേശത്തിനു ഒരു തടസ്സവാദമുന്നയിച്ചു. 1945 മാര്‍ച്ച് 18 ആണ് എന്റെ ജനന തിയ്യതി. അതനുസരിച്ച് 1970 മാര്‍ച്ച് 18 നാണ് എനിക്കു 25 വയസ്സു തികയുന്നത്. അതായത് തെരഞ്ഞെടുപ്പു വര്‍ഷത്തിന്റെ ജനവരി 1 നോ, തെരഞ്ഞെടുപ്പു വിജ്ഞാപനം വരുമ്പോഴോ എനിക്കു 25 വയസ്സു തികയുന്നില്ല.
Nilambur By Election, CP Aboobacker
Nilambur By Election :സി പി അബൂബക്കര്ർ നിലമ്പൂർ മണ്ഡലത്തിൽ 1970 ൽ നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിയായിരുന്നുഫേസ് ബുക്ക്
Updated on
7 min read

നിലമ്പൂരിൽ നടക്കാനൊരുങ്ങുന്നത് ആ മണ്ഡലം രൂപീകരിച്ച ശേഷമുള്ള മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ് (Nilambur By Election ). 60 വർഷത്തെ ചരിത്രമുള്ള ഈ മണ്ഡലത്തിലെ കഴിഞ്ഞുപോയ രണ്ട് ഉപതെരഞ്ഞടുപ്പുകളും കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവങ്ങളെ തുടർന്നായിരന്നു. 1965ൽ മണ്ഡലം രൂപീകരിച്ച വർഷം സി പി ഐ പിളരുകയും സിപി ഐ യും സി പി എമ്മുമായി രണ്ട് പാർട്ടികളായി പരസ്പരം മത്സരിച്ച ആദ്യ തവണയായിരുന്നു. അന്ന് നിലമ്പൂ‍രിൽ നിന്നും ജയിച്ചത് കെ. കുഞ്ഞാലി എന്ന സി പി എം നേതാവും. ആ‍ർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ കൂടാതെ വന്നതിനാൽ 1967ൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നു. ആ തെരഞ്ഞെടുപ്പിലും കുഞ്ഞാലി തന്നെ വിജയിച്ചു. എന്നാൽ, 1969 ജൂലൈയിൽ കുഞ്ഞാലി വെടിയേറ്റ് മരിച്ചു. തുടർന്ന് ആദ്യ ഉപതെരഞ്ഞെടുപ്പിന് നിലമ്പൂരിൽ കളമൊരുങ്ങി. കേരളത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഏക നിയമസാഭം​ഗമാണ് കെ. കുഞ്ഞാലി.

കുഞ്ഞാലിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് വന്ന ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വേണ്ടി എം പി ​ഗം​ഗാധരനും സി പി എമ്മിനു വേണ്ടി സി പി അബൂബക്കറും മത്സരരം​ഗത്തിറങ്ങി. കെ എസ് എഫ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട്, എസ് എഫ് ഐ .അഖിലേന്ത്യാ രൂപീകരണസമിതി അം​ഗം, പ്രഥമ സംസ്ഥാന സെക്രട്ടറി, കേന്ദ്രപ്രവർത്തകസമിതി അംഗം, കോളജ് അധ്യാപകൻ, കോളജ് അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച സി പി അബൂബക്ക‍ർ നിലവിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയാണ്

1970ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പനുഭവങ്ങള്‍. കെ കുഞ്ഞാലി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നതിന്റെ അനുഭവങ്ങൾ, സി പി അബൂബക്ക‍ർ, വാക്കുകൾ എന്ന അദ്ദേഹത്തി​ന്റെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

വാക്കുകൾ എന്ന പുസ്തകത്തിൽ നിന്ന്

തെരഞ്ഞെടുപ്പു മത്സരം ദുസ്സഹമായൊരനുഭവമാണ്. അവിടെ ഇഷ്ടമില്ലാത്തതൊക്കെ ഇഷ്ടപ്പെടണം. ഇഷ്ടമാണെന്നു കാണിക്കണം. ചിരി വരാത്തപ്പോഴും ചിരിക്കണം. ആവശ്യമില്ലാതെ വെള്ളം കുടിക്കണം. ഇഷ്ടമില്ലാതെ കൈപിടിച്ചു കുലുക്കണം. എനിക്ക് കോളേജിലും മറ്റുമായി പല തെരഞ്ഞെടുപ്പനുഭവങ്ങളുമുണ്ട്. കോളേജില്‍ നാട്യങ്ങള്‍ വേണ്ട. ഒരാള്‍ അയാള്‍ തന്നെയായിരുന്നാല്‍ മതി. പ്രീയൂണിവേഴ്‌സിറ്റി ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം അസാസിയേഷന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചതാണ് ആദ്യത്തെ അനുഭവം. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച തെരഞ്ഞെടുപ്പാണത്. ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിസ്ഥാനത്തേക്കു മത്സരിച്ചു ജയിക്കുന്നത്. കോളേജില്‍ അതാതു മേഖലയില്‍ കഴിവു തെളിയിക്കലാണ് യോഗ്യത. ബ്രണ്ണ നിലായിരുന്നപ്പോള്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്കു മത്സരിച്ചു തോറ്റിട്ടുണ്ട്. ജോലിക്കു ചേര്‍ന്നതിനുശേഷം എ.കെ.ജിസി.ടി സ്ഥാനാര്‍ത്ഥിയായി സെനറ്റിലേക്കു മത്സരിച്ചും തോറ്റു. റിട്ടയര്‍ ചെയ്തതിനുശേഷമാണ് യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റിലേക്ക് മത്സരിച്ചു ജയിച്ചത്. സെനറ്റിലേക്ക് ഞാന്‍ നോമിനേറ്റു ചെയ്യപ്പെടുകയായിരുന്നു. അതായത് അസംബ്ലി, ഗ്രാമപഞ്ചായത്ത്, പാര്‍ലമെന്റു തെരഞ്ഞെടുപ്പനുഭവം കുറവാണെങ്കിലും തെരഞ്ഞെടുപ്പനുഭവങ്ങള്‍ എനിക്കുണ്ട്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന്റെയും നിയന്ത്രിച്ചതിന്റെയും അനുഭവങ്ങളുമുണ്ട്.

1970 മാര്‍ച്ച് 16നു നിലമ്പൂരിലെത്തിയതു മുതലുള്ള അനുഭവങ്ങള്‍ വിശദീകരിക്കേണ്ടതില്ല. വടകരതാലൂക്കില്‍നിന്ന് വോട്ടറാണെന്ന സാക്ഷ്യപത്രം വാങ്ങിയതിനുശേഷമാണ് ഞാന്‍ നിലമ്പൂരിലേക്കുപോയത്. അതിനു ചുവപ്പുനാടയൊന്നും ബാധകമായില്ല. പെട്ടെന്നുതന്നെ സാക്ഷ്യപത്രം കിട്ടി. വൈകുന്നേരം മൂന്നു മണിയോടെ നിലമ്പൂരിലെത്തി. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് മലപ്പുറം ഡി. സിയിലും നിലമ്പൂരിലെ എല്ലാ ലോക്കല്‍ കമ്മിറ്റികളിലും പോവാനും ചില പ് ധാന വ്യക്തികളെ കാണാനും നിശ്ചയിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി സഖാവ് മാധവന്‍ നായര്‍, ടി.കെ നമ്പീശന്‍ തുടങ്ങിയവരും ഓരോ പ്രദേശത്തുമുള്ള സഖാക്കളും ഇക്കാര്യത്തില്‍ എന്നോടൊപ്പം വന്നു. തല്‍ക്കാലത്തേക്ക് ഒരു ജീപ്പ് ലഭിച്ചു.

കാളികാവില്‍ ചെന്ന് കുഞ്ഞാലിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ആ യാത്രയില്‍ കരുളായി തുടങ്ങിയ സ്ഥലങ്ങളിലേക്കും പോയി. ഔപചാരികമായ സംഘടനാരൂപമൊന്നും ഉണ്ടായിക്കഴിഞ്ഞിരുന്നില്ല. നിലമ്പൂരിലെ പാര്‍ട്ടിയുടെ സവിശേഷത അവിടെ എല്ലാ ഘടകങ്ങളുടെ പ്രവര്‍ത്തനത്തിലും സഖാവ് കുഞ്ഞാലിയുടെ കൈയുണ്ടായിരുന്നുവെന്നതാണ്.

ആരോ തമാശയായി എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു നിലമ്പൂരിലേത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കുഞ്ഞാലി( മാര്‍ക്‌സിസ്റ്റ്)യാണെന്ന്. അത് വെറുമൊരു കുറ്റാരോപണമാണെന്നു മനസ്സിലാക്കാന്‍ അധികം കഴിയേണ്ടിവന്നില്ല. സഖാവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയും വര്‍ഗ്ഗബഹുജന സംഘടനകളും കെട്ടുറപ്പോടെ വളര്‍ന്നിരുന്ന പ്രദേശമായിരുന്നു നിലമ്പൂര്‍. പാര്‍ട്ടി സംഘാടനത്തിന്റെ എല്ലാ സങ്കീര്‍ണ്ണതകളും ഉള്‍ക്കൊണ്ടിരുന്നു സഖാവെന്ന കാര്യത്തില്‍ സംശയിക്കേണ്ട കാര്യമൊന്നുമില്ല. സഖാവിന്റെ കൊല അവിടെയൊരു മരവിപ്പുണ്ടാക്കിയിരുന്നുവെന്നത് സത്യമാണ്. പക്ഷെ എല്ലാ ലോക്കലുകളിലും കരുത്തരായ ഏറെ പ്രവര്‍ത്തകരുണ്ടായിരുന്നു. മാര്‍ച്ച് 16 മുതല്‍ 18 വരെ ഈ യാത്രകള്‍ തുടര്‍ന്നു. നിലമ്പൂരിലെ ടി.ബിയിലാണ് താമസ സൗകര്യം ലഭിച്ചിരുന്നത്.

k kunjali, Nilambur, Nilambur mla 1965,Nilambur by election
Nilambur by election:കെ. കുഞ്ഞാലി നിലമ്പൂരിലെ ആദ്യ എം എൽ എ, ചിത്രം വിക്കിപീഡിയവിക്കിപീഡിയ

അന്നത്തെ നിലമ്പൂര്‍ മണ്ഡലം വളരെ വലുതായിരുന്നു. വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളുടെ മിക്കഭാഗങ്ങളും അന്നു നിലമ്പൂര്‍മണ്ഡലത്തിലായിരുന്നു. ജനസാന്ദ്രത കുറവായിരുന്നു. ഇന്നു നാം കാണുന്ന നിലമ്പൂരിനു അന്നത്തെ നിലമ്പൂരിന്റെ ഭൂപ്രകൃതിയുമായി യാതൊരു താരതമ്യവുമില്ല. ഇന്ന് എവിടെയും വാഹനങ്ങളുണ്ട്. അന്ന് നിയോജകമണ്ഡലത്തിന്റെ മിക്കഭാഗങ്ങളിലും പോകാവുന്ന വാഹനം ജീപ്പുമാത്രം. രണ്ടു പാറച്ചീളുകളിലൂടെ സമര്‍ത്ഥമായി ജീപ്പോടിച്ചിരുന്ന ഡ്രൈവര്‍മാര്‍ എനിക്കൊരത്ഭുതമായിരുന്നു. ആ യാത്രകള്‍ക്കിടയിലാണ് ജീപ്പ് (JEEP) എന്ന പേരിന്റെ ഉല്പത്തി ഞാന്‍ മനസ്സിലാക്കിയത്. അത് ഒരു ഡ്രൈവറാണ് പറഞ്ഞുതന്നത്. ജൂനിയര്‍ ഇവാഞ്ചലിക്കല്‍ എഞ്ചിനിയറിങ്ങ് പ്രോഗ്രാം. അതാണ് ശരിയെന്ന ബോധ്യമാണ് എനിക്കു ഇപ്പോഴുമുള്ളത്.ക്രൈസ്തവമിഷനറിമാരുടെ ഇഷ്ടവാഹനമായിരുന്നിരിക്കണം ഇത്. ഇപ്പോള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അങ്ങനെയൊരു വിപുലനംJEEP നു ഇല്ല. മറ്റു പല വിപുലനങ്ങളുമുണ്ട് താനും. ജീപ്പിലുള്ള സാഹസയാത്രയുടെ ഒരു സമ്പൂര്‍ണ്ണ മാസമാണ് നിലമ്പൂരില്‍ പൂര്‍ത്തിയാക്കിയത്. ദുഷ്‌കരമായിരുന്നു ആ യാത്രകള്‍. ഒപ്പം മനോഹരമായ പ്രകൃതിയു ണ്ടായിരുന്നു. കാടും മലകളുമുണ്ടായിരുന്നു. ആയിരക്കണക്കില്‍ ഹെക്ടറില്‍ പരന്നു കിടക്കുന്ന എസ്റ്റേറ്റുകളുണ്ടായിരുന്നു. നിരനിരയായി നില്ക്കുന്ന തേക്കുമരങ്ങളുണ്ടായിരുന്നു. ചാലിയാറുണ്ടായിരുന്നു. നിലമ്പൂരിലെ യാത്രകള്‍ സാഹസവും കവിതയുമായിരുന്നു. പ്രകൃതി കൊണ്ടുമാത്രം കവിതയെഴുതാനാവില്ല. നിലമ്പൂരിലെ ആ കാലത്തെ പറ്റി ഒരു കവിതയും ഞാനെഴുതിയിട്ടില്ല. അനഭവങ്ങളില്ലാത്തതു കൊണ്ടല്ല, പ്രകൃതിയെ പ്രണയിക്കാത്തതുകൊണ്ടുമല്ല.

മാര്‍ച്ച് 19ന്നാണ് നോമിനേഷന്‍ കൊടുത്തത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസറായിരുന്നു റിട്ടേണിങ്ങ് ഓഫീസര്‍. എം.എസ് നായര്‍. നോമിനേഷന്‍ സ്‌ക്രൂട്ടിനി (പരിശോധന) സമയത്ത് പ്രധാന എതിര്‍സ്ഥാനാര്‍ത്ഥിയുടെ വക്കീല്‍ എന്റെ നാമനിര്‍ദ്ദേശത്തിനു ഒരു തടസ്സവാദമുന്നയിച്ചു. 1945 മാര്‍ച്ച് 18 ആണ് എന്റെ ജനന തിയ്യതി. അതനുസരിച്ച് 1970 മാര്‍ച്ച് 18 നാണ് എനിക്കു 25 വയസ്സു തികയുന്നത്. അതായത് തെരഞ്ഞെടുപ്പു വര്‍ഷത്തിന്റെ ജനവരി 1 നോ, തെരഞ്ഞെടുപ്പു വിജ്ഞാപനം വരുമ്പോഴോ എനിക്കു 25 വയസ്സു തികയുന്നില്ല. അതുകൊണ്ട് എന്റെ നാമനിര്‍ദ്ദേശം സ്വീകരിക്കാന്‍ പാടില്ല. വോട്ടര്‍മാരുടെ പ്രായം അന്നു 21 ആണ്. തെരഞ്ഞെടുപ്പു വര്‍ഷത്തിന്റെ ജനുവരി 1 ന് 21 വയസ്സു തികയണം. സ്ഥാനാര്‍ത്ഥിയാവുന്നതിനു 25 വയസ്സാവണമെന്നല്ലാതെ തെരഞ്ഞെടുപ്പു വര്‍ഷത്തിന്റെ ജനുവരി 1 ന് 25 വയസ്സാവണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലുണ്ടായിരുന്നില്ല. വോട്ടറാവാനുള്ള ആ വ്യവസ്ഥ സ്ഥാനാര്‍ത്ഥിക്കും ബാധകമാണെന്നായിരുന്നു വാദം. തടസ്സവാദത്തെ എന്നോടൊപ്പമുണ്ടായിരുന്ന അഡ്വക്കറ്റ് സി. കോയ കൃത്യമായി നേരിടുകയും എന്റെ നോമിനേഷന്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ആ നിലയില്‍ അന്ന് അസംബ്ലിയിലേക്കു മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു ഞാന്‍. ഇത് ഒരുറിക്കാഡായി ചില പുസ്തകങ്ങളില്‍ ചേര്‍ത്തതായി അറിയാം. അങ്ങനെ ഒരു റെക്കോർഡിനുടമയാണു ഞാന്‍.

MP Gangadharan, Nilambur by election
നിലമ്പൂരിൽ 1970 ൽ നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് നേതാവ് എം പി ഗംഗാധരൻ (ഫയൽ ചിത്രം)ന്യൂ ഇന്ത്യൻ എക്സപ്രസ്

തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനോടെ പ്രവര്‍ത്തനം വളരെ സജീവമായി. സി. എച്ച് കണാരന്‍ സ്ഥലത്തുവന്ന് എല്ലാ സംഘാടനവും ശരിയായി നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. അദ്ദേഹത്തിനു മറ്റൊരു തെരഞ്ഞെടുപ്പിടത്തു കൂടി ശ്രദ്ധിക്കേണ്ടതു ണ്ടായിരുന്നു. അതേസമയത്താണ് കൊട്ടാരക്കരയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. അച്ചുതമേനോന്‍ 1969 ഒക്ടോബര്‍ മുതല്‍ മുഖ്യമന്ത്രിയാണ്. ആറുമാസത്തിനുള്ളില്‍ അസംബ്ലി അംഗമായിത്തീരണം. രാജ്യസഭാംഗമായിരിക്കുമ്പോഴാണല്ലോ മുഖ്യമന്ത്രിയായി വന്നത്. ഇ. ചന്ദ്രശേഖരന്‍ നായരായിരുന്നു കൊട്ടാരക്കരയില്‍നിന്നുള്ള അസംബ്ലിയംഗം. അച്ചുതമേനോന്നു വേണ്ടി അദ്ദേഹം രാജിവെച്ചു സീറ്റൊഴിവാക്കി. അങ്ങനെയാണ് കൊട്ടാരക്കരയില്‍ ഉപതെരഞ്ഞെടുപ്പുവന്നത്. ശങ്കരനാരായണന്‍ എന്നൊരാളായിരുന്നു അവിടെ അച്ചുതമേനോന്ന് എതിരായി മത്സരിച്ചിരുന്നത്. എന്റെ എതിര്‍സ്ഥാനാര്‍ത്ഥി എം.പി ഗംഗാധരനായിരുന്നു. ഗംഗാധരന്റെ ആദ്യമത്സരമായിരുന്നു അത്. ഗംഗാധരന്‍ മഞ്ചേരിക്കാരനാണ്. പ്രശസ്തനായ അഭിഭാഷകനായിരുന്നു ഗംഗാധരന്‍. ജനസംഘവും കേരള കോണ്‍ഗ്രസ്സും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

വന്‍തോതില്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കേന്ദ്രീകരണമുണ്ടായ തെരഞ്ഞെടുപ്പായിരുന്നു അത്. സഖാവ് നായനാര്‍ക്കായിരുന്നു തെരഞ്ഞെടുപ്പു ചുമതല. അദ്ദേഹവും നിലമ്പൂര്‍ ടി.ബിയിലായിരുന്നു താമസം. നായനാരുടെ പ്രസിദ്ധമായ നര്‍മ്മം അല്പം പോലും കാണാത്ത കാലമായിരുന്നു അത്. മലബാ റിലും തൃശ്ശൂരിലുമുള്ള അനേകം പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ കേന്ദ്രീകരിച്ചിരുന്നു. കേളപ്പേട്ടന്‍, പിണറായി, വൈക്കം വിശ്വന്‍, സി. ഭാസ്‌കരന്‍, ടി.പി ദാസന്‍, കണ്ണൂരിലെയും കോഴിക്കോട്ടെയും യുവജനവിദ്യാര്‍ത്ഥി സഖാക്കള്‍ എല്ലാം രംഗത്തുണ്ടായിരുന്നു. ഇടയ്ക്കു രണ്ടുമൂന്നു തവണ എ.വി രാഘവന്‍ വക്കീലിന്റേതായി ചില കവറുകള്‍ എനിക്കുകിട്ടുമായിരുന്നു. ആ കവര്‍ ഞാന്‍ നേരെ സഖാവ് നായനാര്‍വശം കൊടുക്കുമായിരുന്നു. ചില സംഭാവനകളാണ് അവയിലുണ്ടായിരുന്നത്. സഖാവ് ഇമ്പിച്ചിബാവയും സംഘവും ദിവസങ്ങളോളം നിലമ്പൂരിലായിരുന്നു. എതിരാളികളും ഇതുപോലെ കേന്ദ്രീകരിച്ചിരുന്നു. സഖാവ് കുഞ്ഞാലി വധിക്കപ്പെട്ടതായിരുന്നു ഞങ്ങളുടെ പ്രചാരണത്തിലെ പ്രധാന വിഷയമെങ്കില്‍ 'നിര്‍ദ്ദോഷി' യായ ആര്യാടനെ തടവിലാക്കിയതായിരുന്നു അവരുടെ വിഷയം. അവര്‍ക്കു ഗവണ്‍മെന്റ് അവരുടേതാണെന്ന അധിക ആനുകൂല്യമുണ്ടായിരുന്നു. കുഞ്ഞാലി ജയിക്കുമ്പോള്‍ മുസ്ലിം ലീഗും സി.പി.ഐ.യും ഇടതുമുന്നണിയിലായിരുന്നു. ഇപ്പോള്‍ ആ രണ്ടുപാര്‍ട്ടികളും വലതുമുന്നണിയിലുണ്ട്. അവരുടെ വിജയം ഉറപ്പി ക്കപ്പെട്ട ഒരു സംഗതിയായിരുന്നു. ഹിന്ദുവോട്ടുകള്‍ ക്രോഢീകരിക്കലാണ് തങ്ങളുടെ ശ്രമമെന്ന് ജനസംഘത്തിന്റെ ടി.എന്‍ ഭരതന്‍ പറയുമായിരുന്നു. വോട്ടിന്റെ എണ്ണമനുസരിച്ച് വന്‍ ഭൂരിപക്ഷത്തിനു ഞാന്‍ തോല്‍ക്കുമായിരുന്നു.ക്രൈസ്തവ വോട്ടുകളിലായിരുന്നു കേരള കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ അനുഭവങ്ങളില്‍ പ്രധാനം സഖാവ് കെ.എന്‍ മോനോനൊത്തുള്ള വോട്ടര്‍ സന്ദര്‍ശനങ്ങളാണ്. നര്‍മ്മവേദിയും ഇസ്ലാമികകാനുഷ്ഠാനങ്ങളില്‍ നല്ല പരിജ്ഞാനമുള്ളൊരാളുമായിരുന്നു സഖാവ്. വിവാ ഹവീടുകളിലും മരണവീടുകളിലുമെല്ലാം സഖാവുമൊത്തു സന്ദര്‍ശനം നടത്തിയിരുന്നു. കുറെ ഇലകള്‍ ഒരുമിച്ചു വിരിച്ച് അതിലേക്ക് ഇറച്ചിച്ചോറ് പരത്തിയിട്ടു ഭക്ഷണം കഴിക്കുന്ന സദസ്സുകളില്‍ യാതൊരു വൈമനസ്യവുമില്ലാതെ പങ്കെടുക്കാന്‍ സഖാവ് എന്നെ പഠിപ്പിച്ചു. അപരിചിതരെന്നോ പരിചിതരെന്നോ ഒരു വ്യത്യാസവും കെ.എന്‍ മേനോന് ഇല്ലായിരുന്നു. അദ്ദേഹത്തെ സാമാന്യമായി എല്ലാവര്‍ക്കുമറിയാമെന്ന മട്ടിലായിരുന്നു സഖാവിന്റെ പെരുമാറ്റം. അറിയേണ്ടത് ജനങ്ങളുടെ ചുമതല. തനിക്ക് എല്ലാവരെയുമറിയാം. വെള്ളത്തില്‍ മത്സ്യമെന്നപോലെയെ ന്ന പ്രശസ്തമായ വചനത്തിന്റെ ആള്‍രൂപമായിരുന്നു സഖാവ് കെ.എന്‍ മേനോന്‍.

കേളുഏട്ടന്‍ കുറെ ദിവസം നിലമ്പൂരില്‍ താമസിച്ചു. ചോക്കാട്ടുള്ള മുഹമ്മദ് എന്ന പ്രമാണിയായൊരനുഭാവിയുടെ അതിഥിയായിത്തീര്‍ന്നു അദ്ദേഹം. മുഹമ്മദായിരുന്നു തെരഞ്ഞെടുപ്പുകമ്മിറ്റി പ്രസിഡണ്ട്. പച്ചക്കൊടിയില്‍ അരിവാള്‍ ചുറ്റി ക നക്ഷത്രം തുന്നിച്ചേര്‍ത്താണ് അദ്ദേഹം പ്രചാരണം നടത്തിയിരുന്നത്.

ek nayanar
E K Nayanar (ഫയൽ ചിത്രം)സമകാലിക മലയാളം

മുസ്ലിം ലീഗുകാരും കോണ്‍ഗ്രസ്സുകാരും സി.പി.ഐക്കാരുമായ അനേകം ആളുകളെ അന്നു ഞാന്‍ പരിചയപ്പെട്ടിരുന്നു. കുഞ്ഞാലി വധിക്കപ്പെട്ടത് തെറ്റ്, ഇടതുപക്ഷ മന്ത്രിസഭ തകര്‍ക്കപ്പെട്ടതു തെറ്റ്, പക്ഷെ, ലീഗുമായുള്ള ബന്ധം ഉപേക്ഷിക്കാനാവില്ല, ഇതായിരുന്നു പലരുടെയും നില. ഓരോ പാര്‍ട്ടിക്കാരുടെയും രീതി അതായിരുന്നു. സി.പി.ഐയിലെ ഒരു സഖാവ് രാജന്‍ ഉണ്ടായിരുന്നു. ഇടത്തരം കൃഷിക്കാരന്‍. ട്രാക്ടറായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. ട്രാക്ടറും ടില്ലറുമുപയോഗിച്ചെങ്കിലേ കൃഷി അല്പമെങ്കിലും ലാഭകരമായി നടത്തിക്കൊണ്ടു പോകാന്‍ കഴിയുമായിരുന്നുള്ളൂ. സി.പി.ഐ.എം നയം അതിനനുവദിക്കാത്തതിലായിരുന്നു അദ്ദേഹത്തിന്റെ വിഷമം. എന്നാലും എനിക്കു വോട്ടു ചെയ്യാമെന്നായിരുന്നു അദ്ദേഹം വാക്കു തന്നത്. സഖാവ് കുഞ്ഞാലിയുടെ ഊര്‍ജ്ജസ്വലത എന്നില്‍നിന്ന് പ്രതീക്ഷിക്കാമോ എന്നായിരുന്നു ചിലരുടെ സംശയം. പേരോര്‍മ്മ യില്ലാത്ത ഒരു വനിതാ സഖാവിന്നു ആ സംശയം കലശലായി ഉണ്ടായിരുന്നു. ഇതു പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടായിരുന്ന സംശയമാണ്. കുഞ്ഞാലിയുടെ മുഖച്ഛായ എനിക്കുണ്ടെന്നു കരുതിയവരും ഇക്കൂട്ടത്തിലുണ്ട്. എന്റെ ശബ്ദത്തിന് ഗാംഭീര്യമുണ്ടെന്നു പറഞ്ഞവരുമുണ്ട്.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ ദിവസവും പൊതുയോഗങ്ങളുണ്ടായിരുന്നു. പകല്‍സമയത്തെ കോര്‍ണര്‍മീറ്റിങ്ങുകള്‍ വേറെ. വിവിധ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളും റാലികളും ഏറെ. എംപി വീരേന്ദ്രകുമാര്‍, ജോണ്‍ മാഞ്ഞൂരാന്‍, ബി. വെല്ലിങ്ടണ്‍ തുടങ്ങിയവര്‍ ഏറെ ദിവസം നിലമ്പൂരുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിക്കുപയോഗിക്കാനുള്ള പുതിയൊരു ജീപ്പ് വീരേന്ദ്രകുമാറാണ് എത്തിച്ചുതന്നത്. െ്രെഡവര്‍ ഒരു സഖാവ് രാജുവായിരു ന്നു. കോയമ്പത്തൂരില്‍നിന്നുള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു രാജു. ഒരു ദിവസം പാതി രാത്രി സഖാവ് നായനാര്‍ മുറിയിലേക്കുവന്ന് എന്നെ ഉണര്‍ത്തി. ഉടന്‍ പോവണമെന്നാവശ്യപ്പെട്ടു. സത്യത്തില്‍ വളരെ ക്ഷീണിതനായിരുന്നു ഞാന്‍. പക്ഷെ നായനാരോട് മറുത്തൊന്നും പറയാനാവില്ല. െ്രെഡവര്‍ രാജുവിനെ അദ്ദേഹം ഉണര്‍ത്തി. തനിക്കു വരാനാവില്ലെന്നു രാജു പറഞ്ഞു. അയാള്‍ അത്യധികം ക്ഷീണിതനായിരുന്നു. നായനാര്‍ കടുത്തഭാഷയില്‍ രാജുവിനെ ശാസിച്ചു. വരാന്‍ വിഷമമുള്ളതല്ല, സഖാക്കളുടെ സുരക്ഷ ഓര്‍ത്താണ് താന്‍ മടിക്കുന്നതെന്ന് കരഞ്ഞു പറയുന്നുണ്ടായിരുന്നു അയാള്‍. ആ പാതിരാത്രിയിലും ചിലരെ കാണാനായി ഞങ്ങള്‍ പോയി.

എ.കെ.ജി പത്തുദിവസത്തോളം നിലമ്പൂരുണ്ടായിരുന്നു. സഖാവ് സുശീലയുമുണ്ട്. ചന്തപ്പുരയിലെ സഖാവ് സി.പി ചന്ദ്രന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഒരുപാടു മരുന്നു കഴിക്കുന്നുണ്ടായിരുന്നു സഖാവ്. സഖാവും സുശീലയും ലൈ ലയും അവിടെയാണ് താമസിച്ചത്. തനിക്ക് ഇത്തിരി സൗകര്യം കൂടുതലാണെന്നും ശാരീരികാവശതയാണതിനു കാരണമെന്നും എ.കെ.ജി പറയുമായിരുന്നു. ഗൃഹനാഥനായ സി.പി ചന്ദ്രന്‍ പ്രതിബദ്ധനായ കമ്യൂണിസ്റ്റായിരുന്നു. എന്‍.ജി.ഓ യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. ഇ.എം.എസ്സിനു രണ്ടുതവണയായി ആറുദിവസത്തെ പരിപാടിയുണ്ടായിരുന്നു. ഫോറസ്റ്റു വകുപ്പിന്റെ ഐ.ബിയിലായിരുന്നു സഖാവിന്റെ താമസം. കൂടെ ചന്ദ്രേട്ടനുണ്ടായിരുന്നു. ഇ.എം.എസ് ദേശാഭിമാനിയുടെ മുഖപ്രസംഗമെഴുതുന്നത് അന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഡിക്‌റ്റേഷനാണ്. ഏതെങ്കിലും ഒരു വാക്യം പറയുന്നതിനിടെ ഫോണ്‍ വരികയോ മറ്റോ ചെയ്താല്‍, ഫോണ്‍ സംസാരം കഴിഞ്ഞാല്‍ അതുവരെ താന്‍ പറഞ്ഞുകൊണ്ടിരുന്ന വാക്യത്തിന്റെ തുടര്‍ച്ചയാണു പറയുന്നത്. എവിടെയാണ് നിര്‍ത്തിയത് എന്ന ചോദ്യമൊന്നുമില്ല. വല്ലാത്ത ഓര്‍മ്മയായിരുന്നു, മനസ്സാന്നിദ്ധ്യവും. വായനയും അങ്ങനെ തന്നെ. കാറിലിരുന്നും വായിക്കും. എല്ലാറ്റിനും കൃത്യമായ സമയനിഷ്ഠയുണ്ട്. വീരേന്ദ്രകുമാറിനു അനേകം ദിവസത്തെ പ്രസംഗമുണ്ടായിരുന്നു വെല്ലിങ്ങ്ടണും ജോണ്‍ മാഞ്ഞൂരാനും സ്ഥിരമായി ഉണ്ടായിരുന്നു.

AKG, CPM, AK Gopalan
AKG

സത്യത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഒഴുക്കിലകപ്പെട്ട ഒരു പൊങ്ങു തടിയായി ഒഴുകുകയായിരുന്നു, ഞാന്‍. ഒരു മുന്‍കൈയുമില്ലാതെ വെറുതെ നിന്നു കൊടുക്കുക. ആളെ കാണാന്‍ പറഞ്ഞാല്‍ കാണുക, പ്രസംഗിക്കാന്‍ പറഞ്ഞാല്‍ പ്രസംഗിക്കുക. വ്യക്തികളെ സവിശേഷമായി കാണുക, വീടുകള്‍ സന്ദര്‍ശിക്കുക. പലപ്പോഴായി പല എസ്റ്റേറ്റുടമകളെ ചെന്നു കണ്ടിരുന്നു. അവരാരും വോട്ടു ചെയ്യുകയില്ലെന്നുറപ്പായിരുന്നു. കുഞ്ഞാലിക്കുപകരം അവിടെ ട്രേഡു യൂണിയന്‍ പ്രവര്‍ത്തനം നടത്താനുള്ളൊരാളായിട്ടാവും അവര്‍ എന്നെ കരുതിയിട്ടുണ്ടാവുക. ബിര്‍ളയുടെ ഗ്വാളിയര്‍റയണ്‍സിനും നിലമ്പൂരില്‍ എസ്റ്റേറ്റുണ്ടായിരുന്നു. ടി.സി മുഹമ്മദിനോടൊപ്പമാണ് അവിടുത്തെ മാനേജറെ പോയിക്കണ്ടത്. മാനേജര്‍ വളരെ സ്പഷ്ടമായി ഒരുകാര്യം പറഞ്ഞു. കാലം മാറുന്നുണ്ട്. കുഞ്ഞാലിയുടെ കാലത്തു നടന്നതുപോലുള്ള ഒരു ട്രേഡുയൂണിയന്‍ പ്രവര്‍ത്തനം ഇനി നടക്കുമെന്നു കരുതേണ്ട. അതെന്താണെന്നു ചോദിക്കാന്‍ ശ്രമിച്ചില്ല. അയാളുമായി വാദപ്രതിവാദത്തിനല്ല പോയിരുന്നത്. ആ മാനേജര്‍ എന്നോടു ചോദിച്ചു, തെരഞ്ഞെടുപ്പു കഴിഞ്ഞും നിലമ്പൂരിലുണ്ടാവുമോ എന്ന്. തെരഞ്ഞെടുപ്പു ഫലമനുസരിച്ചിരിക്കുമെന്ന് ഞാന്‍ മറുപടി പറഞ്ഞു.

'Then, most probably, you are not going to be here'(അപ്പോള്‍ മിക്കവാറും താങ്കള്‍ ഇവിടെയുണ്ടാവില്ല) അതെനിക്കുമറിയാമായിരുന്നു, ഞാന്‍ ജയിക്കില്ലെന്ന്. ഞാന്‍ നിലമ്പൂരില്‍ തുടരണോ വേണ്ടയോ എന്നതു നിശ്ചയിക്കേണ്ടത് പാര്‍ട്ടിയായിരുന്നു.

ഇതുവഴി സ്ഥാനാര്‍ത്ഥിക്കു ജനങ്ങളുമായി ശരിയായി സംവദിക്കാന്‍ കഴിയുന്നുണ്ടോ? തന്റെ ആശയങ്ങള്‍ ജനങ്ങളോടു വിനിമയം ചെയ്യാനാവുന്നുണ്ടോ? ഇത്രമേല്‍ സന്നാഹങ്ങളൊന്നുമില്ലായിരുന്നെങ്കില്‍ സ്വന്തം നിലയില്‍ ആളുകളെ കാണാനും സംസാരിക്കാനും കഴിയുമായിരുന്നില്ലേ? ആര്‍ക്കറിയാം? തെരഞ്ഞെടുപ്പിനെ പറ്റി ഒരുപാട് വിവരണം വേണ്ടെന്നു തോന്നുന്നു. വേണമെങ്കില്‍ ഒരു പുസ്തകമെഴുതാവുന്ന അനുഭവങ്ങളുടെ പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. മനസ്സിനെയും ബുദ്ധിയെയും പിടിച്ചു കുലുക്കിയ സംഭവങ്ങളുണ്ട്. വടകരനിന്നു വന്ന ഒരു വാര്‍ത്തയില്‍ ഞാന്‍ നിലമ്പൂരില്‍ വിവാഹം കഴിക്കുന്നുവെന്ന് അവിടെ പ്രചാരണം നടക്കുന്നുണ്ടെന്നറിഞ്ഞു. അതും സഖാവിന്റെ മകളെ. ആ കുഞ്ഞിനു അന്ന് ആറുവയസ്സായിരുന്നുവോ? മുസ്ലിം ലീഗുകാരുടെ പ്രചാരവേലയായിരുന്നു.

മറ്റൊരോര്‍മ്മ അന്നത്തെ കെ.പി.സി സെക്രട്ടറിയുടെ പ്രസംഗമാണ്. അദ്ദേഹം ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമൊക്കെയായി മാറുകയുണ്ടായി. സ. ഇമ്പിച്ചി ബാവയുണ്ടായിരുന്നു കൂടെ. നിലമ്പൂരിലെത്താറായപ്പോള്‍ കെ പി സി സി സെക്രട്ടറിയുടെ പ്രസംഗം നടക്കുകയാണ്. ഇമ്പിച്ചിബാവ ജീപ്പ് നിര്‍ത്താന്‍ പറഞ്ഞു. പ്രസംഗം തുടരുകയായിരുന്നു:

'എന്തിനാണ് മാര്‍ക്‌സിസ്റ്റുകാരേ നിങ്ങള്‍ ആ യുവാവിനെ ഇവിടെ കൊണ്ടു നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത്? എനിക്കറിയാം ആ യുവ സുഹൃത്തിനെ. ഞാന്‍ കണ്ടു അദ്ദേഹത്തെ. ചുവന്നുതുടുത്ത ആ മുഖം പരാജയഭീതിമൂലം കറുത്തു കരുവാളിച്ചിരിക്കുന്നു...' ആ ജല്പനം അങ്ങനെ തുടരുകയായിരുന്നു. കെ.പി.സി സി സെക്രട്ടറി പറയുന്ന രാഷ്ട്രീയമായിരുന്നു ഇത്. ഞാന്‍ ഇമ്പിച്ചിബാവയോടു ചോദിച്ചു, ആ സുന്ദരരൂപം ഞാനാണെന്ന് നേരില്‍ ചെന്നു പറയട്ടേന്ന്. മിണ്ടിപ്പോവരുത് എന്ന കടുത്തശാസനയാണ് സഖാവിന്റെ ഭാഗത്തുനിന്നുണ്ടായത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സഖാവ് ഹമീദ് പറഞ്ഞത് അവിടെ വെറുതെയൊന്നു കയറിച്ചെല്ലാമായിരുന്നുവെന്നാണ്. ഹമീദ് നിലമ്പൂര്‍ ടൗണില്‍ പാര്‍ട്ടിയുടെയും കെ.എസ്.വൈ.എഫിന്റെയും പ്രവര്‍ത്തകനായിരുന്നു.

NIlambur by election, CP Aboobacker, autobiogrphy
വാക്കുകൾ എന്ന പുസ്തകം കവർ ചിത്രംഗ്രീൻ ബുക്സ് സൈറ്റ്

ഏപ്രില്‍ 20ന്നായിരുന്നു തെരഞ്ഞെടുപ്പ്. ഏപ്രില്‍ 16ന്ന് നിര്‍ണ്ണായകമായ ഒരു കോടതിവിധിയുണ്ടായി. ആര്യാടന്‍ മുഹമ്മദിനെ കുഞ്ഞാലിവധക്കേസില്‍ വെറുതെ വിട്ടു. എത്ര കൃത്യമായിട്ടാണ് ജുഡിഷറി പ്രവര്‍ത്തിക്കുന്നതെന്ന അത്ഭുതമൊന്നും എനിക്കുണ്ടായിരുന്നില്ല. ഒരു ദിവസം അര്‍ദ്ധരാത്രി സഖാവ് സി.എച്ച് എന്റെ മുറിയിലേക്കു വന്നു. ഉറങ്ങിയിരുന്നില്ല. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ പറ്റി ചോദിച്ചു:

'എന്തു തോന്നുന്നു , ജയിക്കുമോ?'

'ഇല്ല', ഞാന്‍ പറഞ്ഞു, 'എങ്ങനെ ജയിക്കാനാണ്?'

'ജയിക്കില്ല. ഇവിടെ കിട്ടുന്ന കണക്കുകളെല്ലാം തെറ്റാണ്. കണക്കുകളനുസരിച്ചാണെങ്കില്‍ നമ്മള് വലിയ മാര്‍ജിനു ജയിക്കും. പക്ഷെ അയ്യായിരം വോട്ടിനു തോല്‍ക്കും. അതാണ് സത്യം. അതുതന്നെ നേട്ടമാണ്. ലീഗിനുതന്നെ പതിമൂവായിരത്തിലധികം വോട്ടുണ്ട്. അവര്‍ അങ്ങനെ തന്നെ മറുഭാഗത്തു ചേര്‍ന്നല്ലോ. പിന്നെ സി.പി.ഐ. അവരും പോയല്ലോ. കുറെ വോട്ട് ഏറിയിട്ടുമുണ്ട്. കുഞ്ഞാലിക്കു കിട്ടിയ അത്ര വോട്ടുകിട്ടിയാല്‍ മതി. അതു നമ്മുടെ വിജയമാണ്. വോട്ടെണ്ണിയപ്പോള്‍ കുഞ്ഞാലിക്കു കിട്ടിയതിനേക്കാല്‍ 13 വോട്ട് കൂടൂതലുണ്ടായിരുന്നു. പക്ഷെ അയ്യായിരത്തോളം വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു അധികമുണ്ടായിരുന്നു. തോറ്റവാര്‍ത്തയറിഞ്ഞ് സ്ത്രീപുരുഷന്മാരായ അനേകം സഖാക്കള്‍ കരയുന്നുണ്ടായിരുന്നു. സഖാവിനെ കൊന്നവര്‍ വീണ്ടും ജയിക്കുന്നതിലുള്ള സങ്കടമായിരുന്നു അവര്‍ക്ക്.

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ജയിച്ചതില്‍ ആഹ്ലാദിച്ചുള്ള പ്രകടനങ്ങള്‍ക്കിടയിലൂടെയാണ് സഖാവ് പി.വി കുഞ്ഞിക്കണ്ണനോടൊപ്പം ഞാന്‍ കോഴിക്കോട്ടേക്കു പോയത്. ഞാന്‍ തോറ്റതില്‍ ആഹ്ലാദിച്ചും ഒരിടത്തു പ്രകടനം നടന്നു. പുതുപ്പണം പാലോളിപ്പാലത്തിനടുത്തായിരുന്നു അത്. അതിനു മുന്‍കൈയെടുത്തവരില്‍ എന്റെ അമ്മാവനുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ കുടികിടപ്പുകാര്‍ക്കുവേണ്ടിയുള്ള വളച്ചുകെട്ടല്‍ സമരത്തിനു നേതൃത്വം നല്‍കിയവരില്‍ ഞാനുമുണ്ടായിരുന്നല്ലോ. ആ പ്രകടനത്തില്‍ എന്റെ ഒരു മരുമകന്‍(അനന്തരവന്‍) ആവേശപൂര്‍വ്വം പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com