കൊല്ലം: മുൻമന്ത്രി പി കെ ഗുരുദാസന് സിപിഎം വീട് നിർമ്മിച്ചു നൽകുന്നു. പാര്‍ട്ടി കൊല്ലം ജില്ലാ കമ്മിറ്റി ആണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തിരുവനന്തപുരം കിളിമാനൂർ നഗരൂരിന് സമീപം ഗുരുദാസന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിര്‍മ്മാണം പുരോഗമിക്കുന്നത്. വീടുപണി അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനം സ്‌നേഹവീട് സഖാവിന് കൈമാറും.
25 വർഷം സിപിഎം കൊല്ലം ജില്ലാസെക്രട്ടറി, പത്തുവർഷം എംഎൽഎ, അഞ്ചുവർഷം സംസ്ഥാന തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു ഗുരുദാസൻ. പാർട്ടിക്കും പൊതുജനങ്ങൽക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവിന് ഈ കാലങ്ങളിലൊന്നും സ്വന്തമായൊരു വീട് സമ്പാദിക്കാനായിരുന്നില്ല.
കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിന് സമീപത്തെ വാടകവീട്ടിലായിരുന്നു ദീർഘകാലം താമസിച്ചിരുന്നത്. തുടർന്ന് കൊല്ലം മുണ്ടയ്ക്കലിലെയും പോളയത്തോട്ടെയും വീടുകളിലേക്ക് മാറി. വാടകവീടുകളിൽവെച്ചായിരുന്നു മൂത്ത മക്കളായ സീമയുടെയും ദിവ്യയുടെയും വിവാഹം. മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയിൽ വെച്ച് ഇളയമകൾ രൂപയുടെ വിവാഹവും നടന്നു.
എ കെ ജി സെന്ററിന് സമീപത്തെ പാർട്ടി ഫ്ലാറ്റിലാണ് ഗുരുദാസനും ഭാര്യ ലില്ലിയും ഇപ്പോൾ താമസിക്കുന്നത്. സിപിഎം സംസ്ഥാനസമ്മേളനം കഴിയുന്നതോടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിയേണ്ടിവരും. അപ്പോൾ ഇവിടെനിന്ന് പടിയിറങ്ങണം. ഇതോടെയാണ് കൊല്ലം ജില്ലാനേതൃത്വം സ്നേഹവീട് നിർമിക്കാൻ മുൻകൈയെടുത്തത്.
മന്ത്രി കെഎൻ ബാലഗോപാൽ, കൊല്ലം ജില്ലാസെക്രട്ടറി സുദേവൻ, മുൻസെക്രട്ടറി രാജഗോപാൽ എന്നിവരാണ് വീട് നിർമ്മാണത്തിന് മുൻകൈയെടുത്തത്. 1700 ചതുരശ്രയടിയിലുള്ള ഒറ്റനില വീടിന്റെ നിർമ്മാണചുമതല ഗുരുദാസന്റെ ബന്ധുകൂടിയായ ആർക്കിടെക്ട് സജിത്ത് ലാലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
രണ്ടു കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് വേണമെന്നു മാത്രമാണ് ഗുരുദാസന്റെ ആഗ്രഹം. എന്നാൽ പ്രവർത്തകരുമായി ആത്മബന്ധമുള്ള സഖാവിനെ കാണാൻ നിരവധി പേരെത്തുമെന്നത് പരിഗണിച്ച് ഒരു ഓഫീസ് മുറി കൂടി നിർമ്മിച്ചിട്ടുണ്ടെന്ന് സജിത്ത് ലാൽ പറഞ്ഞു. ഗുരുദാസന്റെ പുസ്തകശേഖരം സൂക്ഷിക്കാനുള്ള സൗകര്യവും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates