

കൊച്ചി: കെ കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധമുയര്‍ത്തി സിപിഎമ്മിന്റെ സൈബര്‍ പോരാളി വിഭാഗങ്ങളും രംഗത്ത്. നേതൃത്വം സമ്മര്‍ദത്തിലാകുമ്പോഴൊക്കെയും പ്രതിരോധിക്കാന്‍ രംഗത്തെത്തുന്ന 'പോരാളി ഷാജി'യെന്ന ഫെയ്‌സ്ബുക്ക് പേജ് ഉള്‍പ്പെടെ കെ കെ ശൈലജയെ തിരികെ വിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. നേതൃത്വത്തിന് എതിരെ പോസ്റ്റിട്ട് വിവാദങ്ങളില്‍ നിറഞ്ഞ 'പി ജെ' ആര്‍മിയും പ്രതികരണവുമായ രംഗത്തുവന്നിട്ടുണ്ട്.
'കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറേയും തിരികെ വിളിക്കണം.ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചര്‍ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്' എന്നാണ് പോരാളി ഷാജി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'കോപ്പ്' എന്നാണ് പി ജെ ആര്‍മിയുടെ പോസ്റ്റ്. ബ്രിങ് ബാക്ക് ശൈലജ ടീച്ചര്‍ എന്ന ഹാഷ്ടാഗില്‍ സിപിഎം നടപടിക്ക് എതിരെ പ്രതിഷേധം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തിലാണ് സൈബര്‍ പോരാളികളും ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് വിമര്‍ശനം. ഇടതുപക്ഷത്തിന്റെ വിജയം കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണെന്നും പ്രതിഷിധിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിസഭയില്‍ പിണറായി വിജയനൊപ്പം ഉണ്ടാകുമെന്ന് കരുതിയിരുന്ന ശൈലജയുടെ പുറത്തുപോക്ക് പൊതുസമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പുതുമുഖങ്ങള്‍ക്ക് അവരസം നല്‍കാനാണ് ശൈലജയെ ഒഴിവാക്കിയത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates