

പത്തനംതിട്ട: 21ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ചരിത്രം കുറിച്ച രേഷ്മ മറിയം റോയ് തന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഈ അധ്യക്ഷപദവിയെ ഒരു നീണ്ട ബിരുദ കോഴ്‌സിനോടാണ് ഉപമിക്കുന്നത്. 'എനിക്ക്, രാഷ്ട്രീയം ഒരു കരിയറല്ല, മറിച്ച് ഒരു സേവനമാണ്. രാഷ്ട്രീയം ഒരു ജോലിയായി മാറിയാല്‍, അവിടെ അഴിമതി നടമാടും. കഴിഞ്ഞ നാലരവര്‍ഷം ഞാന്‍ എന്താണ് നേടിയതെന്ന് ചോദിച്ചാല്‍, അനുഭവങ്ങളും ജനങ്ങളുടെ വിശ്വാസവുമെന്നാണ് ഉത്തരം'. 2021-ല്‍ ആരംഭിച്ച തന്റെ ജീവിതത്തിലെ അപ്രതീക്ഷിതവും അതേസമയം പരിവര്‍ത്തനാത്മകവുമായ യാത്രയെക്കുറിച്ച് അവര്‍ പറയുന്നു.
2020 നവംബര്‍ 18-നാണ് 21 വയസ്സ് തികഞ്ഞത്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് പത്രിക സമര്‍പ്പിച്ചത്. അവസാന തീയതി ഒരു ദിവസം മുന്‍പായിരുന്നെങ്കില്‍ ഇന്നത്തെ നിലയിലേക്ക് ഉയരാന്‍ എനിക്ക് ഒരിക്കലും കഴിയില്ലായിരുന്നെന്ന് രേഷ്മ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രേഷ്മ മറിയം റോയ് പിന്നീട് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ചരിത്രനേട്ടം സ്വന്തമാക്കി.
അനുഭവ പരിചയമില്ലായ്മയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഊര്‍ജ്വസ്വലതയോടെയും പക്വതയാര്‍ന്ന ഇടപെടലുകളോടെയും തന്റെ കടമകള്‍ നിര്‍വഹിക്കാനായെന്നും തന്നെ പദവിയേല്‍പ്പിച്ച സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരുപോറലുമേല്‍ക്കാത്തവിധം പ്രവര്‍ത്തിക്കാനായെന്നുമാണ് രേഷ്മയുടെ വിശ്വാസം. നിരവധി പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലറക്കാനും, തരിശുഭൂമികളെ കൃഷിയിടങ്ങളാക്കിയും കുടുംബശ്രീകളെ ശാക്തീകരിക്കുന്നതുള്‍പ്പടെ ഒട്ടേറെ പഞ്ചായത്തിന്റെ വികസനത്തിന് ഗുണകരമാകുന്ന പരിപാടികള്‍ നടത്താനായെന്നും രേഷ്മ പറയുന്നു. സംസാരശേഷിയില്ലാത്ത കുട്ടികള്‍ക്കായി 'ബി ദി സൗണ്ട്' എന്ന പേരില്‍ ഒരു സ്പീച്ച് തെറാപ്പി പ്രോഗ്രാം ആരംഭിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കായി ക്ലബുകളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി ടൂറുകള്‍ സംഘടിപ്പിക്കുന്നതിനും അവര്‍ നേതൃത്വം നല്‍കി. ലഹരിക്കെതിരെ ബദലുകള്‍ എന്ന നിലയില്‍ യുവാക്കള്‍ക്കായി ടര്‍ഫ് കോര്‍ട്ട് അവതരിപ്പിച്ചതും 'ന്യൂട്രി ട്രൈബ്' പദ്ധതിയിലൂടെ ആദിവാസി മേഖലകളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനായതുമെല്ലാം അതില്‍ ചിലതാണ്.
'ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്നല്ല, മികച്ച പഞ്ചായത്ത് പ്രസിഡന്റായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചു. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയിലൂടെ ഞങ്ങളുടെ പഞ്ചായത്ത് ആദ്യമായി അംഗീകരിക്കപ്പെടുകയും ചെയ്തു' - രേഷ്മ പറഞ്ഞു. ഭരണരംഗത്ത് സ്ത്രീകള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും രേഷ്മ വിശ്വസിക്കുന്നു. തദ്ദേശ പ്രതിനിധികളില്‍ 60% സ്ത്രീകളുള്ള കേരളത്തില്‍, സ്ത്രീ സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു വേദിയായി അവര്‍ തദ്ദേശ സ്ഥാപനങ്ങളെ കാണുന്നു. 'തെറ്റായ നയങ്ങളുടെ അനന്തരഫലങ്ങള്‍ ആദ്യം നേരിടേണ്ടത് സ്ത്രീകളാണ്. അവര്‍ നേതൃത്വത്തിലേക്ക് കടന്നുവരുന്നതോടെ, സഹാനുഭൂതിയിലും പ്രായോഗികതയിലും വേരൂന്നിയ പരിഹാരങ്ങള്‍ കൊണ്ടുവരുന്നു,' രേഷ്മ പറയുന്നു..
തന്റെ പൊതു ജീവിതത്തിനൊപ്പം ഭാര്യ, അമ്മ, മകള്‍ എന്നീ നിലകളിലുള്ള ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടെ ചെയ്യാനാവുന്നുണ്ടെന്നും രേഷ്മ പറയുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസാണ് ഭര്‍ത്താവ്. ഭര്‍ത്താവിന്റെ സഹായവും പൊതുപ്രവര്‍ത്തനത്തിന് തുണയാകുന്നതായും മകന് ഒന്നരവയസുമാത്രമാണെങ്കിലും അവന്‍ തന്റെ തിരക്കുമായി പൊരുത്തപ്പെട്ടുവന്നതായും രേഷ്മ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates