

കോഴിക്കോട്: ചിന്തകനും എഴുത്തുകാരനുമായ കെഇഎന്‍ കുഞ്ഞഹമ്മദിനെ ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുപ്പിക്കുന്നതില്‍ ഇടതുപക്ഷ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം. സമ്മേളനത്തിന്റെ പോസ്റ്റര്‍ സഹിതം പങ്കുവെച്ചു കൊണ്ടുള്ള സന്ദേശത്തില്‍, കെഇഎന്നിന് എല്ലാം നമ്മള്‍ എന്തിനാണ് സ്‌പേസ് കൊടുക്കുന്നതെന്ന് ചോദിക്കുന്നു.
കെഇഎന്നിനൊപ്പം സിപിഎം മട്ടന്നൂര്‍ എംഎല്‍എ വി കെ സനോജും പങ്കെടുക്കുന്നുണ്ട്. ഇതിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് സിപിഎം നേതാക്കളടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലൊന്നില്‍ കെഇഎന്നിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഈ സന്ദേശം ഏത് ഗ്രൂപ്പിലാണ് വന്നതെന്നോ, ആരാണോ പങ്കുവെച്ചതെന്നോ വ്യക്തമല്ല.
സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം കെഇഎന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കി. ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആര്‍എസ്എസ് കളി തുടങ്ങുന്നുവോ എന്ന ചോദ്യം ഉന്നയിച്ചാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.
വാട്‌സ്ആപ്പ് സന്ദേശം ഇങ്ങനെയാണ്. 'കെ.ഇ.എന്നിന് നമ്മള്‍ എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്? നമ്മുടെ സംഘടന സഖാക്കള്‍ പണി എടുത്തു ആളുകളെ എത്തിച്ചു ഇയാള്‍ക്ക് ഓഡിയന്‍സ് ഉണ്ടാക്കണോ? നമുക്ക് എന്താണ് സംസാരിക്കാന്‍ ആളുകള്‍ ഇല്ലേ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും...!'
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലാണ് കെഇഎന്നിനെ ക്ഷണിച്ചിട്ടുള്ളത്. 'വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും' എന്ന പേരില്‍ ബുധനാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് എന്‍ജിഒ യൂനിയന്‍ ഹാളിലാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates