'ഭൗതികവാദം പറയുന്നവര്‍ ശബരിമലയിലെത്തി കുമ്പിടുന്നത് നാട്ടുകാരെ കബളിപ്പിക്കാനോ?'; സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും പ്രതിനിധികള്‍ അതൃപ്തി പ്രകടിപ്പിച്ചു
അനന്ത​ഗോപൻ ശബരിമലയിൽ പോയപ്പോൾ ( ഫയൽ), സിപിഎം സമ്മേളനത്തിൽ നിന്ന് ( ഫെയ്സ്ബുക്ക്)
അനന്ത​ഗോപൻ ശബരിമലയിൽ പോയപ്പോൾ ( ഫയൽ), സിപിഎം സമ്മേളനത്തിൽ നിന്ന് ( ഫെയ്സ്ബുക്ക്)
Updated on
1 min read

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. പൊലീസിന്റെ പല പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാകുന്ന നിലയിലേക്കെത്തിച്ചു. പൊലീസ് സേനയിലും സിവില്‍ സര്‍വീസിലും ആര്‍എസ്എസ് കടന്നുകയറ്റം ഉണ്ടായതായും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 

പൊലീസ് സേനയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കുറഞ്ഞുവരുന്ന സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. പൊലീസിനെതിരെ മുതിര്‍ന്ന നേതാവ് പീലിപ്പോസ് തോമസും വിമര്‍ശനം ഉന്നയിച്ചു. പൊലീസ് സ്റ്റേഷനുകള്‍ ഇടതു വിരുദ്ധരുടെ താവളമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

പ്രവര്‍ത്തനം മോശം, റിയാസ് കൊള്ളാം

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും പ്രതിനിധികള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്ന മതിപ്പോ തൃപ്തിയോ ആറുമാസം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന് ഉണ്ടാക്കാനായിട്ടില്ല. മന്ത്രി വീണാ ജോര്‍ജ് കൂടി ഇരിക്കുമ്പോഴായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതിനിധികള്‍ അഭിനന്ദിച്ചു. റിയാസിന്റേത് മികച്ച പ്രവര്‍ത്തനമാണെന്ന് അഭിപ്രായം ഉയര്‍ന്നു. 
 
ശബരിമലയിലെത്തി കുമ്പിടുന്നത് നാട്ടുകാരെ കബളിപ്പിക്കാനോ ?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ അനന്തഗോപനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ദേവസ്വം ബോര്‍ഡ് പദവികളില്‍ പാര്‍ട്ടി നേതാക്കളെ കൊണ്ടു വരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നു. വൈരുധ്യാത്മക ഭൗതികവാദം പറയുന്നവര്‍ ചന്ദനക്കുറിയണിഞ്ഞ് ശബരിമലയിലെത്തി കുമ്പിടുന്നു. ഇത് നാട്ടുകാരെ കബളിപ്പിക്കാനാണോ എന്നും പ്രതിനിധികള്‍ ചോദിച്ചു. 

നന്ദി​ഗ്രാം മറന്നുപോകരുത്

വികസന നയം പാർട്ടി പരിശോധിക്കണം. സാമൂഹിക ഘടകങ്ങൾ മനസിലാക്കാതെ വികസനം വേണ്ടെന്ന് പത്തനംതിട്ട ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.  പരിസ്ഥിതി പ്രശ്നങ്ങളിൽ സിപിഎം നയം മാറുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെയും വിമർശനം ഉയർന്നു. നന്ദി​ഗ്രാം, ബം​ഗാൾ അനുഭവങ്ങൾ മറക്കരുത് എന്നായിരുന്നു പ്രതിനിധികൾ ഓർമ്മിപ്പിച്ചത്. പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് പാർട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്ന് വിമർശനമുയർന്നു. 

കെ റെയിലിൽ കോൺഗ്രസ് പ്രചാരണങ്ങൾ ഫലം കാണുന്നു. സർക്കാരുണ്ടായിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ല. കെ റെയിൽ കടന്നു പോകുന്ന ഇടങ്ങളിൽ പ്രചാരണം വേണമെന്നും പീലിപ്പോസ് തോമസ് ആവശ്യപ്പെട്ടു. കേരള ബാങ്ക് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നും നേതാക്കൾ വിമർശിച്ചു. ബ്യൂറോക്രാറ്റിക്ക് സംവിധാനമായി കേരള ബാങ്ക് മാറുന്നുവെന്നും, സാധാരണക്കാർക്ക് സേവനങ്ങൾ കിട്ടുന്നില്ലെന്നുമായിരുന്നു വിമർശനം ഉയർന്നത്. 

പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകും

വിവാഹ പ്രായത്തിലെ സിപിഎം നിലപാട് സംബന്ധിച്ചും വിമർശനം ഉയർന്നു. 18 വയസിനെ പാർട്ടി പിന്തുണക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയർന്നു. പത്തനംതിട്ടയിലെ സി പി ഐ നേതൃത്വം ശത്രുത മനോഭാവത്തോടെയാണ് സി പി എമ്മിനെ കാണുന്നതെന്ന് അഭിപ്രായം ഉയർന്നു. അടൂരിൽ ചിറ്റയം ഗോപകുമാറിനെതിരെ ആ പാർട്ടിക്കുള്ളിൽ തന്നെ നീക്കമുണ്ടായി. ​എന്നിട്ടും ഗോപകുമാർ എങ്ങനെയാണ് ജയിച്ചത് എന്ന് സിപിഐ ഓർക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com