

തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ അപൂര്‍വയിനം തുമ്പിയുടെ സാന്നിധ്യം മൂന്നാറിലും. ക്രോക്കോത്തെമിസ് എറിത്രിയ (കാട്ടുചോലത്തുമ്പി) യെയാണ് മൂന്നാറില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും ഗവേഷകര്‍ കണ്ടെത്തിയത്.
ആഫ്രിക്ക, മെഡിറ്ററേനിയന്‍ മേഖല, ഏഷ്യയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ തുമ്പിയെ കണ്ടുവരുന്നത്. പശ്ചിമഘട്ടത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇവയുടെ സാന്നിധ്യം പരിമിതമായി കണ്ടിരുന്നെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ക്രോക്കോതമസ് സെര്‍വില്ലിയ (വയല്‍ത്തുമ്പി) ആണെന്നാണ് ഇതുവരെ ശാസ്ത്രലോകം ധരിച്ചിരുന്നത്. 2019 മുതല്‍ ശരീരനിറം, ചിറകിലെ ശിരാവിന്യാസം, ആവാസവ്യവസ്ഥയിലെ വ്യത്യാസങ്ങള്‍ തുടങ്ങിയ സൂക്ഷ്മ സവിശേഷതകളിലെ പഠനത്തോടെയാണ് ഉയര്‍ന്ന, തണുപ്പുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഈ തുമ്പിയെ പശ്ചിമഘട്ടത്തിലും തിരിച്ചറിഞ്ഞത്. പഠന റിപ്പോര്‍ട്ട് ശാസ്ത്ര ജേര്‍ണലായ എന്റോമോണില്‍ പ്രസിദ്ധീകരിച്ചു.
കേരളത്തില്‍ ചിന്നാര്‍, പാമ്പാടുംചോല, ആനമുടിചോല, രാജകുമാരി, വാഗമണ്‍, പറമ്പിക്കുളം എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ തുമ്പിയെ ഡോ. കലേഷ് സദാശിവന്‍, ബൈജു കെ (ടിഎന്‍എച്ച്എസ് -തിരുവനന്തപുരം), ഡോ. ജാഫര്‍ പാലോട്ട് (സുവോളോജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ -കോഴിക്കോട്), ഡോ. എബ്രഹാം സാമുവല്‍ (ടിഐഇഎസ്, കോട്ടയം), വിനയന്‍ പി നായര്‍ (അല്‍ഫോന്‍സാ കോളേജ്, പാലാ) എന്നിവരടങ്ങിയ പഠനസംഘം കണ്ടിട്ടുണ്ട്. ഹിമ യുഗ കാലത്ത് യൂറോപ്പും ഏഷ്യയും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള സമശീതോഷ്ണ ജീവികള്‍ തെക്കോട്ട് കുടിയേറിയിരുന്നു. ഈ തുമ്പിയും അവയില്‍പ്പെട്ടതാണെന്ന് കരുതുന്നതായി പഠനത്തിന് നേതൃത്വംനല്‍കിയ കലേഷ് സദാശിവന്‍ പറയുന്നു. ഇതോടെ ഇന്ത്യയില്‍ ഹിമാലയത്തിലും പശ്ചിമഘട്ടത്തിലും ഈ ഹിമയുഗ തുമ്പിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates