

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടക്കുന്നതായി എംഎല്‍എ പി വി ശ്രീനിജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയേപ്രരിതമാണ്. കേസില്‍ തന്നെ പ്രതി ചേര്‍ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ എന്നും പി വി ശ്രീനിജന്‍ പറഞ്ഞു.
ദീപുവിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. തനിക്ക് ഇതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നും പി വി ശ്രീനിജന്‍ അഭിപ്രായപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നത് രാഷ്ട്രീയപ്രേരിതമായ ആരോപണമാണ്. നൂറുശതമാനം താന്‍ നിരപരാധിയാണെന്നും ശ്രീനിജന്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതെന്ന് വി ഡി സതീശന്‍
അതേസമയം ദീപുവിന്റെ മരണത്തിന് പിന്നില്‍ പി വി ശ്രീനിജനാണെന്ന് ട്വന്റി ട്വന്റി ആരോപിച്ചു. സംഭവസ്ഥലത്ത് ശ്രീനിജന്‍ എംഎല്‍എയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും ആരോപണമുണ്ട്. ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സിപിഎം നേതാക്കളുടെ മുന്നില്‍ വെച്ചാണ് ദീപുവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപു (38) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.
ക്രൂരമർദ്ദനം വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെ
ഈ മാസം 12ന് കിഴക്കമ്പലത്തു നടന്ന ലൈറ്റ് അണയ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളെ പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എംഎല്‍എ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ലൈറ്റ് അണയ്ക്കല്‍ പ്രതിഷേധം നടത്തിയത്. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധസമരത്തില്‍ പങ്കാളിയായി.
ഇതേത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ ഒരുസംഘമാളുകള്‍ ദീപുവിനെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി. ദീപുവിന്റെ വീടിനു മുന്നിലെത്തിയ അക്രമികള്‍, ദീപുവിന് ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
നാലുപേർ അറസ്റ്റിൽ
സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പറാട്ടുവീട് സൈനുദീന്‍ സലാം, പറാട്ടു ബിയാട്ടു വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവരാണ് അറസ്റ്റിലായത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates