ആദ്യം ദിവ്യയെ അറിയില്ലെന്ന് പറഞ്ഞു; തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റസമ്മതം, മകളെ തേടി അമ്മയുടെ ഒറ്റയാള്‍ പോരാട്ടം

പൂവച്ചലില്‍ നിന്ന് പതിനൊന്നുവര്‍ഷം മുമ്പ് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്
ദിവ്യയും മകള്‍ ഗൗരിയും
ദിവ്യയും മകള്‍ ഗൗരിയും
Updated on
2 min read

തിരുവനന്തപുരം:പൂവച്ചലില്‍ നിന്ന് പതിനൊന്നുവര്‍ഷം മുമ്പ് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുളച്ചല്‍ കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ദിവ്യയുടേതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ നോക്കിയാണ് ഇത് ദിവ്യയുടോതണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ തമിഴ്‌നാട് പൊലീസ് സൂക്ഷിച്ചിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് സംശയത്തില്‍ അമ്മ രാധ നടത്തിയ പോരാട്ടമാണ് കേസ് തെളിയുന്നതിലേക്ക് നയിച്ചത്. 

പതിനൊന്നു വര്‍ഷം മുന്‍പ് കാണാതായ വിദ്യയെന്ന് വിളിക്കുന്ന ദിവ്യയേയും ഒന്നര വയസ്സുകാരി മകള്‍ ഗൗരിയേയും കാമുകന്‍ മാഹിന്‍കണ്ണ് കടലില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നു. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

മാഹിന്‍ കണ്ണിന്റെ ആദ്യഭാര്യയ്ക്കും കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2011 ഓഗസ്റ്റ് 11നാണ്  ദിവ്യയെയും മകളെയും കാണാതാകുന്നത്. മത്സ്യ വ്യാപാരിയായ മാഹിനുമായി 2008ലാണ് ദിവ്യ പ്രണയത്തിലാകുന്നത്. മത്സ്യം വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടതും പരിജയപ്പെട്ടതും. ഒരുമിച്ച് താമസിക്കുന്നതിനിടെ ദിവ്യ ഗര്‍ഭിണിയായി. കല്യാണം കഴിക്കാന്‍ ദിവ്യയും കുടുംബവും തുടര്‍ച്ചയായി നിര്‍ബന്ധിച്ചെങ്കിലും മാഹിന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മാഹിന്‍ വിദേശത്തേക്ക് പോയി. 

കുഞ്ഞിന് ഒരുവയസ്സായപ്പോള്‍ മാഹിന്‍ തിരിച്ച് നാട്ടിലെത്തി. എന്നാല്‍ ദിവ്യയെ കാണാന്‍ കൂട്ടാക്കിയില്ല. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിന്‍ നാട്ടിലുണ്ടെന്ന വിവരം ദിവ്യയും കുടുംബവും അറിഞ്ഞത്. മാഹിന്‍ കണ്ണിനെ ദിവ്യ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മാഹിന്‍കണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോണ്‍ വരുന്നത്. മാഹിന്‍കണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കായി. കാണാതാകുന്ന ദിവസം ദിവ്യയും മകളും വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സഹോദരി ശരണ്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ദിവ്യയുടെ അമ്മ രാധ, ഭര്‍ത്താവിന്റെ ചിറയിന്‍കീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. ദിവ്യ ഫോണില്‍ വിളിച്ചു മകള്‍ക്കും മാഹിന്‍കണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. ദിവ്യ തിരിച്ചെത്താത്തതിനെതുടര്‍ന്ന് കുടുംബം പൂവാര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. ദിവ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിന്‍കണ്ണിനെ പൂവാര്‍ പൊലീസ് വിട്ടയച്ചു. പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല. 

വിദേശത്തേക്കു പോയ മാഹിന്‍ കണ്ണ് പിന്നീട് നാട്ടില്‍ തിരിച്ചെത്തി പൂവാറില്‍ സ്ഥിരതാമസമാക്കി. മകളെ കാണാതായ വിഷമത്തില്‍ പിതാവ് ജയചന്ദ്രന്‍ ആത്മഹത്യ ചെയ്തു. 2019ല്‍ കാണാതായവരുടെ കേസുകള്‍ പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. ദിവ്യയെ അറിയില്ലെന്നായിരുന്നു അദ്യം മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് തെളിവുകള്‍ നിരത്തിയപ്പോള്‍ ദിവ്യയെ അറിയാമെന്നും ഓട്ടോയില്‍ തമിഴ്‌നാട്ടില്‍ ആക്കിയെന്നും പറഞ്ഞു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. ദിവ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്‌നാട്ടിലെ കുളച്ചല്‍ ഭാഗത്ത് തീരത്തടിഞ്ഞിരുന്നു. എന്നാല്‍, ആദ്യത്തെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും പരിശോധിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പരാതി നല്‍കുമ്പോള്‍ പൂവാര്‍ സ്‌റ്റേഷനിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പണം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com