

കൊച്ചി: വടുതലയില്‍ ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നില്‍ കാലങ്ങളായുള്ള വൈരാഗ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ആരോടും അടുപ്പമില്ലാത്ത ഇയാള്‍ നിരന്തരമായി അയല്‍വാസി ക്രിസ്റ്റഫറുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. പൊള്ളലേറ്റ ക്രിസ്റ്റഫറിന്റേയും ഭാര്യ മേരിയുടേയും നില ഗുരുതരമായി തുടരുന്നു.
ആരോടും അടുപ്പമില്ലാതെ ഒറ്റയ്ക്കാണ് വില്യംസ് ജീവിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടിലെ ഒരു കല്യാണത്തിനോ റെസിഡെന്‍സ് അസോസിയേഷന്‍ പരിപാടിക്കോ ഒന്നും ഇയാള്‍ പങ്കെടുക്കില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അച്ഛനും അമ്മയും മരിച്ച വില്യംസ് വര്‍ഷങ്ങളായി ആ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. സഹോദരങ്ങളില്‍ ചിലര്‍ സമീപത്ത് താമസിച്ചിരുന്നു. സ്ഥിരമായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു ഇയാള്‍ക്ക്.
ക്രിസ്റ്റഫറുമായി വില്യംസ് പലപ്പോഴും വഴക്കുകളുണ്ടാകാറുണ്ടായിരുന്നു. വീട്ടിലേക്ക് വില്യംസ് അനാവശ്യമായി ഒളിഞ്ഞുനോക്കുന്നതായി ക്രിസ്റ്റഫര്‍ പല തവണ ജനപ്രതിനിധികളോട് പരാതി പറഞ്ഞിരുന്നു. വില്യംസിന്റെ ശല്യം സഹിക്കാന്‍ കഴിയാതെയാണ് ക്രിസ്റ്റഫറും മേരിയും സ്വന്തംവീട്ടില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചത്. വില്യംസ് ഒളിഞ്ഞു നോക്കുന്നത് സിസിടിവിയില്‍ കാണാമെന്നും വാര്‍ഡ്‌മെമ്പറോടക്കം പറഞ്ഞിരുന്നു. ഇതിനിടയില്‍ മൂന്നുവര്‍ഷം മുമ്പ് വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മലം എറിഞ്ഞതായും പരാതിയുണ്ടായിരുന്നു. ഇതില്‍ ക്രിസ്റ്റഫര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും മറ്റും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് ശ്രമിച്ച കൗണ്‍സിലര്‍ അടക്കമുള്ളവരോടെല്ലാം ഇനിയങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു വില്യംസ് പറഞ്ഞത്. അതോടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്നായിരുന്നു കരുതിയത്. എന്നാല്‍ ഉള്ളില്‍ തീരാത്ത പക സൂക്ഷിച്ച വില്യംസ് അത് വീട്ടാനായി കാത്തിരിക്കുകയായിരുന്നു.
ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറും ഭാര്യ മേരിയും വീട്ടിലെത്തിയപ്പോള്‍ വീടിനടുത്ത് നില്‍ക്കുകയായിരുന്നു വില്യംസ്. സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട വില്യംസ് പെട്ടെന്ന് ഇരുവരുടേയും ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. പിന്നാലെ ലൈറ്റര്‍ കത്തിച്ച് അവരുടെ ദേഹത്തേക്ക് എറിഞ്ഞു. തീ ആളിയപ്പോഴേക്കും നിലവിളിച്ചുകൊണ്ട് ക്രിസ്റ്റഫറും മേരിയും അടുത്തുള്ള ജൂഡ്‌സണിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. 'വില്യംസ് ഞങ്ങളെ കത്തിച്ചു' എന്ന് നിലവിളിച്ചുകൊണ്ടായിരുന്നു ഇരുവരും അയല്‍വീട്ടിലേയ്ക്ക് ഓടിക്കയറിയത്.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ക്രിസ്റ്റഫറിന്റെ ദേഹത്ത് കഴുത്തിനും അരഭാഗത്തിനും ഇടയിലായാണ് കൂടുതല്‍ പെട്രോള്‍ വീണത്. അവിടെ തീ പടര്‍ന്നതോടെയാണ് ക്രിസ്റ്റഫറിന് ഗുരുതരമായി പൊള്ളലേറ്റത്. സ്‌കൂട്ടറില്‍ ക്രിസ്റ്റഫറിന് പിന്നിലായി ഇരുന്നിരുന്ന മേരിയുടെ ശരീരത്തില്‍ അധികം പെട്രോള്‍ വീഴാതിരുന്നത് രക്ഷയായി. മേരിയുടെ വസ്ത്രത്തില്‍ പടര്‍ന്ന തീ അയല്‍വാസിയായ ജൂഡ്‌സണിന്റെ വീട്ടുകാര്‍ വെള്ളം ഒഴിച്ച് കെടുത്തി. പക്ഷേ അപ്പോഴേക്കും തീ നന്നായി പടര്‍ന്ന ക്രിസ്റ്റഫറിന്റെ നില ഗുരുതരമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വില്യംസ് എങ്ങോട്ടു പോയെന്ന് ആരും കണ്ടിരുന്നില്ല. പിന്നീട് പൊലീസ് എത്തി അന്വേഷണം നടത്തിയപ്പോഴാണ് അടച്ചിട്ടവീട് കണ്ട് സംശയം തോന്നിയത്. പൊലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുമ്പോള്‍ വില്യംസിനെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates