

കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്‌സ് വലിച്ചുകീറിയ സംഭവത്തില്‍ ക്ഷമാപണവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ രംഗത്ത്. പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെ താന്‍ പ്രതിഷേധ മാര്‍ച്ചില്‍ നുഴഞ്ഞുകയറിയതല്ലെന്നും മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും അക്ബര്‍ ഷാ സമൂഹമാധ്യത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. കൊല്ലത്തുവച്ച് പ്രകടനം കണ്ടപ്പോള്‍ അതിലേക്ക് ചേര്‍ന്നതാണെന്നും കോണ്‍ഗ്രസിന്റെ ഫ്ലക്‌സാണെന്ന് വിചാരിച്ചാണ് വലിച്ചുകീറിയതെന്നും അക്ബര്‍ ഷാ പറയുന്നു. സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.
'എല്ലാവര്‍ക്കും എന്നെ മനസ്സിലായെന്ന് കരുതുന്നു. ഞാന്‍ അക്ബര്‍ ഷാ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ന്യൂസിലുമെല്ലാം ഞാനാണ് താരം. ഒന്നും താരമാകണമെന്ന് കരുതി ചെയ്തതല്ല. ഞാനൊരു മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണ്. ഞാന്‍ എസ്എഫ്‌ഐക്കാരനല്ലെന്നും നുഴഞ്ഞുകയറിയതാണെന്നും ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. നുഴഞ്ഞുകയറിയതൊന്നുമല്ല. ഞാന്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.
മൂന്ന് വര്‍ഷം മുന്‍പ് ഗള്‍ഫില്‍ പോയി ഇപ്പോള്‍ അവധിയില്‍ വന്നതാണ്. കൊല്ലത്തുവച്ച് പ്രകടനം കണ്ട് കയറിയതാണ്. നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടിട്ടില്ല. ഞാന്‍ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായി. കോടിയേരി സഖാവിന്റെ ഫ്ലക്‌സാണെന്നല്ല, കോണ്‍ഗ്രസിന്റെ ഫ്ലക്‌സാണെന്ന് വിചാരിച്ചാണ് ഞാന്‍ കീറിയത്. എല്ലാവരും ദയവുചെയ്ത് എന്നോട് ക്ഷമിക്കണം' -അക്ബര്‍ ഷാ പറഞ്ഞു.
ബുധനാഴ്ച തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച കൊല്ലം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെ ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് തകര്‍ക്കുകയായിരുന്നു.
മാര്‍ച്ച് ചെയ്തു വന്ന സംഘത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന അക്ബര്‍ ഷാ യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മീഡിയനില്‍ വച്ചിരുന്ന ഫ്ലക്‌സ് കീറി മറിച്ചിട്ടു. ഫ്ലക്‌സ് തകര്‍ത്തശേഷം വീണ്ടും പ്രകടനത്തില്‍ കയറി മുദ്രാവാക്യം വിളിച്ച് ഇയാള്‍ നടന്നുനീങ്ങി. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓര്‍മദിനത്തില്‍ ചിന്നക്കടയില്‍ സ്ഥാപിച്ച ഫ്ലക്‌സ് ആണിത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നു. ആള്‍ക്കൂട്ടത്തില്‍നിന്നൊരാള്‍ 'കോടിയേരിയുടെ ഫ്ലക്‌സാണോ കീറിയത്, മാറിപ്പോയോ' എന്നും ചോദിക്കുന്നതു കേള്‍ക്കാം. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടു ദിവസം മുന്‍പ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ ചിന്നക്കടയിലും പരിസരത്തുമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ഫ്ലക്‌സുകളും കൊടികളും തകര്‍ത്തിരുന്നു.
അതേസമയം, പ്രകടനത്തിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയ വ്യക്തിയാണ് ഫ്ലക്‌സ് തകര്‍ത്തതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. ഇയാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ലെന്നും പ്രതിഷേധ പ്രകടനത്തിലേക്ക് എങ്ങനെയെത്തിയെന്നു പരിശോധിക്കുമെന്നും നിയമപരമായി മുന്നോട്ടു നീങ്ങുമെന്നും എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates