

തൊടുപുഴ: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പാര്‍ട്ടി പ്രവേശനത്തില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി. ഇടുക്കി നോര്‍ത്ത് ബിജെപിയിലാണ് ഭിന്നത രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവികുളം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതായും സൂചനയുണ്ട്. അതൃപ്തിക്ക് പിന്നാലെ ബിജെപി മറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് രാജിവെച്ചു. തനിക്കൊപ്പം ആയിരത്തോളം പേര്‍ പാര്‍ട്ടി വിടുമെന്നും പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആകില്ലെന്നും വിമര്‍ശിക്കുന്ന ബാബു തോമസിന്റെ ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
താനൊരു കര്‍ഷകനാണ്, ഇന്നുവരെ പാര്‍ട്ടിയുടെ പേരില്‍ പിരിവെടുത്തിട്ടില്ല. പാര്‍ട്ടിയെ വളര്‍ത്താന്‍ വേണ്ടി മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ഇന്ന് കണ്ട അണ്ടനും അടകോടനുമെല്ലാം വന്ന് പാര്‍ട്ടിയില്‍ എന്തൊക്കെയോ ചെയ്തു എന്നാണ് പറയുന്നത്. എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കാന്‍ താനും പണം മുടക്കി ആളെ ഇറക്കിയിട്ടുണ്ട്. തന്റെ കൂടെ എത്രപേരുണ്ടെന്ന് തെളിയിച്ചു തരാമെന്ന് ബാബു തോമസ് പറയുന്നുമുണ്ട്.
ഇനി ബിജെപിയുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഏകപക്ഷീയമായി ചെയ്യുന്ന അജണ്ട ചുമക്കേണ്ട ബാധ്യത തനിക്കില്ല. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോ ഇടുക്കി ജില്ലയുടെ പുതിയ പ്രസിഡന്റോ വിചാരിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇവിടെ മാഫിയകള്‍ ഭരിക്കും തന്നെപോലുള്ള സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍നിന്നും മാറി നില്‍ക്കും. അടുത്ത പരിപാടി എന്തെന്ന് കാണിച്ചു തരാം , ശബ്ദസന്ദേശത്തില്‍ ബാബു തോമസ് പറയുന്നത് ഇങ്ങനെയാണ്.
ജനുവരി 18 നാണ് എസ് രാജേന്ദ്രന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്. മൂന്ന് ടേമിലായി 15 വര്‍ഷം സിപിഎമ്മിന്റെ ദേവികുളം എംഎല്‍എയായിരുന്നു എസ് രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍നിന്നും രാജേന്ദ്രനെ സസ്‌പെന്‍ഡ്് ചെയ്തിരുന്നു. പിന്നാലെ സിപിഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എസ് രാജേന്ദ്രന്റെ വരവോടെ ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചിരുന്നു.
കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്‍ന്നതെന്ന് നേരത്തെ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില്‍ വളരെയധികം മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി എസ് രാജേന്ദ്രന്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates