

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്നും വീണ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനേയും മന്ത്രിയേയും ഏറ്റവും കൂടുതല്‍ ആക്രമിച്ചയാളാണ് മുരളീധരന്‍. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ ശക്തമായി തിരിച്ചെത്തുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണ ജോര്‍ജ് കുറിപ്പില്‍ പറഞ്ഞു. പകര്‍ച്ചാവ്യാധികളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ വിഷയത്തില്‍ കെ മുരളീധരന്‍ നിയമസഭയില്‍ നടത്തിയ പ്രതികരണത്തിലാണ് വീണാ ജോര്‍ജിന്റെ മറുപടി.
വീണ ജോര്‍ജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഉത്തരവാദിത്വം മറക്കേണ്ട കെ. മുരളീധരന്‍. വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ. 30 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയപ്പോള്‍ '10 വര്‍ഷത്തെ റീല്‍സും 5 വര്‍ഷത്തെ വീണമീട്ടലും ആണ് പ്രശ്നം' എന്ന് കെ. മുരളീധരന്‍ പറഞ്ഞതായി കണ്ടു. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇരിക്കുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് പ്രശ്നമാകാം. കാരണം അന്ന് ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞു അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നില്‍ നിന്ന ആളുകളില്‍ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ട്.
എന്തുകൊണ്ട് എല്‍ഡിഎഫ് കാലത്തെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം പ്രശ്നമായി മുരളീധരന് തോന്നുന്നു എന്നതിന് ഒന്നുരണ്ട് ഉദാഹരണങ്ങള്‍ മാത്രം നോക്കാം.
1) ശിവകുമാറിന്റെ കാലത്ത് ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് കേരളത്തില്‍ 0.8 ആയിരുന്നത് കഴിഞ്ഞ 'വീണമീട്ടലിന്റെ 'കാലത്ത് 0.1 ആയി കുറച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക്.
2) യുഡിഎഫ് കാലത്ത് അടിസ്ഥാന സൗകര്യം ഇല്ലാതെ ഇടുക്കിയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങി. അംഗീകാരം കിട്ടിയില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ തുടങ്ങിയത് ഒന്നല്ല 4 മെഡിക്കല്‍ കോളേജുകള്‍ ആണ്. അംഗീകാരവും ലഭിച്ചു. വിദ്യാര്‍ഥികള്‍ അവസാന വര്‍ഷത്തേക്ക് കടക്കുന്നു.
3 ) ശിശുമരണ നിരക്ക് യുഡിഎഫ് കാലത്ത് 12. 2025-ല്‍ എല്‍ഡിഎഫ് കാലത്ത് അത് 5.6
4) യുഡിഎഫ് കാലത്ത് 200 ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന ലാബ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു; തുടങ്ങിയില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലാബുകള്‍ സാധ്യമാക്കി. 1300 ലാബുകളിലൂടെ ലാബ് ശൃംഖല കേരളത്തില്‍ സാക്ഷാത്ക്കരിച്ചു. മാത്രമല്ല, എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രി തലത്തില്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ചികിത്സ സാധ്യമാക്കുന്നതിന് 'കാത്ത് ലാബ് ' തുടങ്ങി. ഇങ്ങനെ തുടങ്ങി ആയിരക്കണക്കിന് കാര്യങ്ങള്‍.
30 ദിവസത്തിനിടെ 87 പേര്‍ പനി ബാധിച്ച് കേരളത്തില്‍ മരിച്ചു എന്ന യാഥാര്‍ത്ഥ്യത്തിന്റെ മുന്നിലാണ് ആരോഗ്യ മന്ത്രി നിസ്സാരമായി കാര്യങ്ങളെ കാണുന്നത്. വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates