

കോഴിക്കോട്: യുവതിയുടെ അഞ്ചരപ്പവന്റെ സ്വർണമാല മോഷ്ടിച്ച സംഘത്തെ പിടികൂടി. കർണാടകയിലും തമിഴ്നാട്ടിലും ഒരേ സമയം നടത്തിയ റെയ്ഡിന് ഒടുവിലാണ് സംഘം പിടിയിലായത്. എലത്തൂർ വെങ്ങാലി തെണ്ടയമ്മേൽ ക്ഷേത്രത്തിനു സമീപം വൈശാഖ് (മോനൂട്ടൻ–22 ), അമിത് (കണ്ണൻ–22) എന്നിവരെ സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ പൊലീസുമാണ് പിടികൂടിയത്. വെങ്ങാലിയിൽ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ അഞ്ചരപ്പവന്റെ സ്വർണമാല കവർന്ന സംഭവത്തിലാണ് അറസ്റ്റ്.
ഉത്സവം കഴിഞ്ഞു വെങ്ങാലി റെയിൽവേ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന യുവതിയാണു കവർച്ചയ്ക്കിരയായത്. സിസിടിവി ഉണ്ടാകില്ലെന്ന ധാരണയിലാണു പ്രതികൾ കവർച്ചയ്ക്കായി റെയിൽവേ ട്രാക്ക് തെരഞ്ഞെടുത്തതെന്നു പൊലീസ് പറഞ്ഞു. മുന്നറിയിപ്പു നൽകാനായി വൈശാഖ് റെയിൽവേ ട്രാക്കിനടുത്തു കാവൽനിൽക്കുകയും അമിത് മാല പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് ഇരുവരും റെയിൽവേ ട്രാക്കിലൂടെ ഓടി രക്ഷപ്പെട്ടു.
കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലും കർണ്ണാടകയിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വൈശാഖ് നാട്ടിൽവന്നതായി വിവരം ലഭിച്ചതനുസരിച്ച് വെള്ളയിൽ എസ്ഐ യു സനീഷിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. കൂട്ടുപ്രതി തമിഴ്നാട്ടിലെ രഹസ്യതാവളത്തിലാണെന്നു ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്നതിനാൽ ഫോൺ നാട്ടിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് ഹൊസ്സൂരിലെ ഒളിത്താവളവും ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ രഹസ്യകേന്ദ്രവും ഒരേസമയം റെയ്ഡ് ചെയ്തു. ഇലക്ട്രോണിക് സിറ്റിയിൽ നിന്നാണ് അമിത് പിടിയിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates