നയപ്രഖ്യാപനം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍; ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ഗ്രൂപ്പ് ഫോട്ടോ ഒഴിവാക്കി

കോവിഡ് അതിജീവനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്
​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം നടത്തുന്നു/ എഎൻഐ ചിത്രം
​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം നടത്തുന്നു/ എഎൻഐ ചിത്രം
Updated on
1 min read

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അടക്കമുള്ളവ എണ്ണിപ്പറഞ്ഞ ഗവര്‍ണര്‍, പിന്നീട് നേരിട്ട് പ്രസംഗത്തിന്റെ അവസാനഭാഗത്തേക്ക് കടക്കുകയായിരുന്നു. സ്പീക്കര്‍ എംബി രാജേഷിനോട് അനുവാദം ചോദിച്ചശേഷമായിരുന്നു ഗവര്‍ണറുടെ നടപടി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിച്ചു.

പ്രതിപക്ഷത്തിന്റെ 'ഗോ ബാക്ക്' വിളിക്കും ഇറങ്ങിപ്പോക്കിനുമിടയിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നത്. പ്രതിപക്ഷ ബഹളം ശക്തമായതോടെ ഗവര്‍ണര്‍ ക്ഷുഭിതനായി. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഉത്തരവാദിത്തം മറക്കരുതെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. പ്രസംഗിക്കാനുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശ്രമം ഗവര്‍ണര്‍ തടയുകയും ചെയ്തു. 

പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതും ഒഴിവാക്കി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ എണ്ണിപ്പറഞ്ഞപ്പോഴും, പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോഴും ഭരണപക്ഷ എംഎല്‍എമാര്‍ നിസംഗത പാലിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഗവര്‍ണര്‍ വായിച്ചപ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും മുതിര്‍ന്നില്ല. 

സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്ന് ​ഗവർണർ

കോവിഡ് അതിജീവനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യസംവിധാനങ്ങൾക്ക് കഴിഞ്ഞതായും ഗവർണർ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദമായ യാത്രാ സൗകര്യമാണ് സിൽവർലൈനിലൂടെ കേരളത്തിനു ലഭിക്കുകയെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. 

സുസ്ഥിര വികസന സൂചികകളിൽ കേരളം മുന്നിൽ

സിൽവർലൈൻ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. വേഗവും സൗകര്യവും ഉറപ്പാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നുവെന്നും ​ഗവർണർ പറഞ്ഞു. സുസ്ഥിര വികസന സൂചികകളിൽ കേരളമാണ് മുന്നിൽ. നിതി ആയോഗ് കണക്കുകളിൽ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യരംഗത്ത് സംസ്ഥാനമാണ് രാജ്യത്ത് മുന്നിൽ. ദാരിദ്രനിർമാർജനത്തിലും കേരളം മുന്നിലാണെന്ന് ​ഗവർണർ പറഞ്ഞു. 

പച്ചക്കറി ഉൽപ്പാദനം കൂട്ടാൻ കൂടുതൽ ഫാർമർ പ്രൊഡ്യൂസർ യൂണിറ്റുകൾ നടപ്പാക്കും. കൈത്തറിക്ക് കേരള ബ്രാൻഡ് കൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞു. അസംഘടിത തൊഴിലാളികളുടെ ഡേറ്റ തയാറാക്കും. കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കും. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായി കേന്ദ്രം നിയമനിർമാണങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ ബാധിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കേന്ദ്രം കൈകടത്തിയെന്നും ​ഗവർണർ നയപ്രഖ്യാപനപ്രസം​ഗത്തിൽ വിമർശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com