പെണ്‍കുട്ടികളെ മയക്കാനും ലൈംഗിക ചൂഷണത്തിനും 'ഹാപ്പിനെസ് പില്‍സ്' ; മയക്കുമരുന്ന് ശേഖരവുമായി യുവാവ് അറസ്റ്റില്‍
തൃശൂര്‍ : പെണ്‍കുട്ടികളെ മയക്കി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. മാടക്കത്തറ വെള്ളാനിക്കര സ്വദേശി മൂലേക്കാട്ടില്‍ വൈഷ്ണവാണ് അറസ്റ്റിലായത്. 50 ഗുളികയും ക്രിസ്റ്റല്‍ പാക്കറ്റും വൈഷ്ണവിന്റെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തി.
ടാറ്റൂ സ്ഥാപനങ്ങളില്‍ വലിയ തോതില്‍ ലഹരി വില്‍പന നടക്കുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടുന്നത്. ഹാപ്പിനെസ് പില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്ന് ഇത്രയധികം അളവില്‍ പിടികൂടുന്നത് ആദ്യമാണ്.
പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ ജ്യൂസിലും മദ്യത്തിലും കലര്‍ത്തി നല്‍കുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പാര്‍ട്ടികള്‍ക്കെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും ലൈംഗികമായി ദുരുപയോഗിക്കാനും ഇത് ഉപയോഗിക്കുന്നു. ക്രിസ്റ്റല്‍ രൂപത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സിന്‍ മെത്താഫെറ്റാമിന്‍ പാര്‍ട്ടി ഡ്രഗ് എന്ന പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്.
മെത്ത്, കല്ല് പൊടി, കല്‍ക്കണ്ടം എന്നീ പേരുകളിലും ഇവ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. വായിലൂടെയും മൂക്കിലൂടെയും ഇന്‍ജക്ഷന്‍ രൂപത്തിലും ഇവ ഉപയോഗിക്കുന്നുണ്ട്. അരമണിക്കൂറിനകം നാഡിവ്യൂഹത്തെ ബാധിക്കാന്‍ കഴിയുന്ന ലഹരിമരുന്നാണ് ഇത്. അന്യസംസ്ഥാനത്തെ മലയാളികള്‍ മുഖേനയാണ് വൈഷ്ണവിന് മയക്കുമരുന്ന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. തുടര്‍ച്ചയായ ഉപയോഗം കൊണ്ട് വൃക്കയ്ക്കും ഹൃദയത്തിനും സാരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നവയാണ് ഹാപ്പിനെസ് പില്‍സ് എന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
