

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധിയെ രൂക്ഷവിമര്‍ശിച്ച് കോട്ടയം മുന്‍ എസ്പി എസ് ഹരിശങ്കര്‍. വിധി നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അത്ഭുതമാണ് വിധിയെന്നും ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു.
എല്ലാ തെളിവുകളും ശക്തമായിരുന്നു. ശിക്ഷ ലഭിക്കുമെന്ന് 100 ശതമാനം പ്രതീക്ഷിച്ചിരുന്നു. ഒരാളുപോലും കൂറുമാറിയിരുന്നില്ല. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണിത്. പ്രതി മേലധികാരിയായതിനാല്‍ പരാതി വൈകുക സ്വാഭാവികമാണ്. സാക്ഷികളും മെഡിക്കല്‍ തെളിവുകളും അനുകൂലമായിട്ടും വിധി തിരിച്ചടിയായത് പരിശോധിക്കും.
വിധി അംഗീകരിക്കാനാകില്ല
സമാനകേസുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന വിധി അംഗീകരിക്കാനാകില്ല. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നല്‍കാനായില്ല. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച് കോട്ടയം മുന്‍ എസ്പിയായ ഹരിശങ്കര്‍ പറഞ്ഞു.
'ഇങ്ങനെയൊരു വിധി എന്തുകൊണ്ടെന്ന് അറിയില്ല'
അപ്രതീക്ഷിത വിധിയായിരുന്നു ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ സുഭാഷ് അഭിപ്രായപ്പെട്ടു. എങ്ങും പരാതി പറയാന്‍ സാഹചര്യമില്ലാത്തയാളായിരുന്നു പരാതിക്കാരി. കോടതി അത് ആ രീതിയില്‍ കാണണമായിരുന്നു. ഇങ്ങനെയൊരു വിധി എന്തുകൊണ്ടെന്ന് അറിയില്ല. ഓരോ സാക്ഷിയും കൃത്യമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സുഭാഷ് പറഞ്ഞു.
കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരുന്നു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി വിധിച്ചു. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു.
'ദൈവത്തിന് സ്തുതി'
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. വിധി കേട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു. കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍, ദൈവത്തിന് സ്തുതി എന്നുമാത്രമാണ് ഫ്രാങ്കോ പ്രതികരിച്ചത്.
മധുരം വിതരണം ചെയ്ത് അനുയായികൾ
ബിഷപ്പിനെ വെറുതെ വിട്ടുവെന്ന വിധിയെ മുദ്രാവാക്യം വിളികളോടെയാണ് അനുയായികള്‍ എതിരേറ്റത്. ബിഷപ്പ് ഫ്രാങ്കോയെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുകയായിരുന്നു എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കോടതി വളപ്പില്‍ മധുരവിതരണവും നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates