ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഉറക്കം നടിച്ചു; തട്ടിയുണർത്തി ബാഗ് പരിശോധിച്ചപ്പോൾ ഞെട്ടി; ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി
പാലക്കാട്: വാളയാറിൽ മൂന്നരക്കോടി വിലവരുന്ന പതിനൊന്നര കിലോ ഹാഷിഷ് ഓയിലും രണ്ട് കിലോ കഞ്ചാവും പിടികൂടി. കന്യാകുമാരി വിളവംകോട് സ്വദേശി പ്രമോദിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ചാവക്കാട് സ്വദേശി മിഥുൻ ലാലിന്റെ പക്കൽ നിന്നും കഞ്ചാവും കണ്ടെടുത്തു. ഇരുവരെയും എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂർ - ആലപ്പുഴ കെഎസ് ആർടിസി ബസിൽ സാധാരണ യാത്രക്കാരെ പോലെ, ലഹരിവസ്തുക്കളുമായി യാത്ര ചെയ്യുകയായിരുന്നു ഇവർ. വാളയാറിൽ വെച്ച് പതിവ് വാഹനപരിശോധനയ്ക്കിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. ബസിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ കന്യാകുമാരി സ്വദേശി പ്രമോദ് ഉറക്കം നടിച്ചു. തട്ടിയുണർത്തി ബാഗ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ മുഷിഞ്ഞ വസ്ത്രങ്ങളെന്ന് മറുപടി നൽകി.
നിർബന്ധിച്ച് തുറന്ന് നോക്കിയപ്പോൾ പ്രത്യേകം പൊതികളിലാക്കി സൂക്ഷിച്ചിരുന്ന പതിനൊന്നര കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തി. കോടികൾ വില വരുന്നതാണിത്. വിജയവാഡയിൽ നിന്ന് ശേഖരിക്കുന്ന ഹാഷിഷ് ഓയിൽ വൻകിടക്കാർക്ക് നിരവധി തവണ എത്തിച്ച് നൽകിയതായി പ്രമോദ് മൊഴി നൽകി. എറണാകുളത്ത് ഹഷിഷ് ഓയിൽ വാങ്ങുന്നതിനായി കാത്തു നിന്നയാളെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതേ ബസിൽ കടത്തി കൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവുമായിട്ടാണ് ചാവക്കാട് സ്വദേശി മിഥുൻ ലാലിനെയും എക്സൈസ് കസ്റ്റഡിയിലെടുക്കുന്നത്. കോയമ്പത്തൂരിൽ നിന്നും വാങ്ങിയ കഞ്ചാവ് ചാവക്കാട് ഭാഗത്തേക്ക് ചില്ലറ വിൽപ്പനക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് മിഥുൻ ലാൽ എക്സൈസിന് മൊഴി നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
