

ആലപ്പുഴ: ഭാര്യയുടെ രോഗാവസ്ഥയും വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് ആലപ്പുഴ തലവടിയിൽ കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കാൻ കാരണമെന്ന് റിപ്പോർട്ട്. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണ് മരിച്ചത്.
സൗമ്യയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. ആഴ്ച തോറും രക്തം മാറ്റേണ്ട സ്ഥിതിയായിരുന്നു. ഇന്ന് രക്തം മാറേണ്ട ദിവസമായിരുന്നു. ഇതിനായി ആർസിസിയിൽ പോകാൻ തയ്യാറെടുത്തിരുന്നു. സൗമ്യയുടെ ഭർത്താവ് സുനു ഒരു അപകടത്തിൽ പരിക്കേറ്റ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്. നാട്ടിൽ വെൽഡിങ് ജോലികൾ ചെയ്തു വരികയായിരുന്നു.
രോഗവും സാമ്പത്തിക പരാധീനതകളുമാണ് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കാൻ കാരണമായതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. തങ്ങൾക്ക് രണ്ടുപേർക്കും അസുഖമാണെന്നും, കുട്ടികളുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു.
രാവിലെ എട്ടുമണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന് തൊട്ടടുത്തുള്ള തറവാട്ടു വീട്ടിൽ സുനുവിന്റെ അമ്മ താമസിക്കുന്നുണ്ട്. വീട്ടിൽ നിന്നും ആരെയും പുറത്തു കാണാതിരുന്നതോടെ, അമ്മ വീട്ടിലെത്തിയപ്പോഴാണ് മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളെ പുതപ്പിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വീടിനകത്തു നോക്കിയപ്പോഴാണ് ഒരു കയറിന്റെ രണ്ടറ്റത്തായി സുനുവും സൗമ്യയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. വീണ്ടും ഗൾഫിലേക്ക് പോകാനായി ചെക്കപ്പ് നടത്തിയപ്പോഴാണ് കാൻസർ ബാധിതയാണെന്ന് കണ്ടെത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
