തിരുവനന്തപുരം:ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ നിലയില്‍ എത്തിനില്‍ക്കുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആക്രമണ പരമ്പരയിലെ ഏറ്റവും അവസാനം സംഭവിച്ച വനിത ഡോക്ടര്‍ക്കെതിരെയുള്ള ആക്രമണം നീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പിടിസക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി ഗോപികുമാറും പറഞ്ഞു.
വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഈ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ കോവിഡ് കാലഘട്ടത്തില്‍പ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നില്‍ക്കാനാവില്ലയെന്നും പത്രക്കുറിപ്പില്‍ ഐ.എം.എ. വ്യക്തമാക്കി.
ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടന്‍ നടപ്പിലാക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
 
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ അപലപിക്കാന്‍ പോലും തയ്യാറാവാത്ത പൊതുസമൂഹത്തിന്റെ നിലപാട് തങ്ങളെ ഞെട്ടിക്കുന്നുവെന്നും  മാനസിക പിന്‍ബലം നല്‍കേണ്ട സമൂഹം കയ്യൊഴിയുന്നുവെന്ന അപകടകരമായ തോന്നല്‍ ഡോക്ടര്‍മാരില്‍ ഉണ്ടാകുന്നൂ എന്നുള്ളത് അത്യന്തം നിര്‍ഭാഗ്യകരമാമെന്നും ഐ.എം.എ അറിയിച്ചു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
