എല്‍ഡിഎഫ് ബിജെപിയുടെ ബി ടീം; എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ തന്നെ ജെഡിഎസിനെ ഒഴിവാക്കണമായിരുന്നു; കെ മുരളീധരന്‍

കേരളത്തില്‍ ഇടതുമുന്നണിയുടെ കൂടെ. കേന്ദ്രത്തില്‍ ബിജെപിയുടെ കൂടെ. ഇങ്ങനെയൊരു പാര്‍ട്ടിയെ എങ്ങനെ എല്‍ഡിഎഫിലെ ഘടകകകക്ഷിയാക്കും.
കെ മുരളീധരന്‍
കെ മുരളീധരന്‍
Updated on: 
1 min read


കോഴിക്കോട്: ജെഡിഎസിന്റെ ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ തന്നെ അവരെ ഇടതുമുന്നണി ഒഴിവാക്കണമായിരുന്നെന്ന് കെ മുരളീധരന്‍. ബിജെപിയെ പരോക്ഷമായി സിപിഎം പിന്തുണയ്ക്കുന്നതിനാലാണ് കൃഷ്ണന്‍കുട്ടിയെ  മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിതിരുന്നതെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് റഞ്ഞു. 

'ജനതാദളിന്റെ അഖിലേന്ത്യാഘടകം ബിജെപിയോടോപ്പം ചേര്‍ന്നപ്പോള്‍ തന്നെ കേരളഘടകത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമായിരുന്നു. പുറത്താക്കാത്ത സാഹചര്യമുണ്ടായത് ഇവര്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമായാണ്. മുന്നണിക്കകത്ത് ഉണ്ടായിരുന്ന ജനതാദളിനെ കാബിനറ്റില്‍ എടുത്തില്ല, അതേസമയം അഖിലേന്ത്യാ തലത്തില്‍ ബിജെപിക്കൊപ്പമുള്ളവരെ മന്ത്രിസഭയില്‍ വച്ചിരിക്കുകയാണ്'- കെ മുരളീധരന്‍ പറഞ്ഞു. 

'ഒരുരാഷ്ട്രീയപാര്‍ട്ടിക്ക് ഒരുനയം വേണ്ടേ. കേരളത്തില്‍ ഇടതുമുന്നണിയുടെ കൂടെ. കേന്ദ്രത്തില്‍ ബിജെപിയുടെ കൂടെ. ഇങ്ങനെയൊരു പാര്‍ട്ടിയെ എങ്ങനെ എല്‍ഡിഎഫിലെ ഘടകകകക്ഷിയാക്കും. കാര്യം വളരെ ക്ലിയറാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നത്. ഇത് ബിജെപിയെ സിപിഎം പരോക്ഷമായി പിന്തുണയ്ക്കുന്നതിനാലാണ്' - കെ മുരളീധരന്‍ പറഞ്ഞു.

പിണറായി വിജയന്റെ പൂര്‍ണസമ്മതം
 

കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചതായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗൗഡയുടെ വെളിപ്പടുത്തല്‍.

'കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്'- ദേവഗൗഡ പറഞ്ഞു. എന്‍ഡിഎ സഖ്യത്തെ തമിഴ്നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസ് കേരള ഘടകത്തിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനും ബിജെപി സഖ്യത്തെ തള്ളാനുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ദേവഗൗഡയെ നേരില്‍ അറിയിച്ചിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാര്‍ട്ടി കേരള അധ്യക്ഷന്‍ മാത്യു ടി തോമസ് അറിയിച്ചത്.

അതേസമയം ദേവഗൗഡയെ തള്ളി മന്ത്രി കെ കൃഷ്ണന്‍ കുട്ടി രംഗത്തെത്തി. ജെഡിഎസ്- ബിജെപി സഖ്യത്തെ പിണറായി പിന്തുണച്ചിട്ടില്ല. എന്‍ഡിഎയെ എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. പിന്നെ എങ്ങനെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് കൃഷ്ണന്‍ കുട്ടി ചോദിച്ചു. അവിടത്തെ രാഷ്ട്രീയം വച്ചായിരിക്കും ഗൗഡയുടെ പരാമര്‍ശമെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com