തിരിച്ചടവു മുടങ്ങി; യുവതിയുടെ മോർഫ് ചെയ്ത ന​ഗ്നചിത്രം ബന്ധുവിന്; ഒപ്പം ഭീഷണി സന്ദേശവും; കോൾ പോകുന്നത് ശ്രീലങ്കയിലേക്കെന്ന് പൊലീസ്

ഭീഷണി സന്ദേശവും മോർഫ് ചെയ്ത ചിത്രവും അയച്ച നമ്പറിലേക്ക് പൊലീസും ബന്ധുക്കളും വിളിച്ചെങ്കിലും  വ്യക്തമായ മറുപടി ലഭിച്ചില്ല
മരിച്ച നിജോയും ശിൽപയും
മരിച്ച നിജോയും ശിൽപയും
Updated on
1 min read

കൊച്ചി: കടമക്കുടിയിൽ കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ശിൽപ ഓൺലൈൻ ആപ്പു വഴി വായ്പ എടുത്തിരുന്നു. ഇതിന് മാസം തോറും 9300 രൂപയാണ് ശിൽപ അടച്ചുകൊണ്ടിരുന്നത്. എന്നാൽ തിരിച്ചടവു മുടങ്ങിയതോടെയാണ് ഭർത്താവ് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറയുന്നു.

അടച്ചു തീർക്കാനുള്ള തുക കാണിച്ചുകൊണ്ടുള്ള സ്റ്റേറ്റ്മെന്റും ശിൽപയുടെ ചിത്രവും ഒരു ശബ്ദ സന്ദേശവും ഒപ്പം അയച്ചിരുന്നു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും, പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ന​ഗ്നചിത്രം ശിൽപയുടെ ഫോൺലിസ്റ്റിൽ ഉള്ളവർക്ക് അയച്ചു നൽകുമെന്നുമായിരുന്നു ഭീഷണി. 

ഫോൺ ലിസ്റ്റിലുള്ള 25 പേരുടെ നമ്പറും ബന്ധുവായ സ്ത്രീക്ക് അയച്ചു നൽകിയിരുന്നു. കൂട്ടമരണത്തിന്റെ ആഘാതത്തിലായിരുന്ന ബന്ധു ഇതു കാര്യമായി എടുത്തിരുന്നില്ല. എന്നാൽ രാത്രിയോടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രം ബന്ധുവിന്റെ ഫോണിൽ ലഭിച്ചു. ഫോൺ ലിസ്റ്റിലുള്ള മറ്റു പലർക്കും ഇതേ ചിത്രം അയച്ചിട്ടുണ്ട്. 

തുടർന്ന് ഭീഷണി സന്ദേശവും മോർഫ് ചെയ്ത ചിത്രവും അയച്ച നമ്പറിലേക്ക് പൊലീസും ബന്ധുക്കളും വിളിച്ചെങ്കിലും  വ്യക്തമായ മറുപടി ലഭിച്ചില്ല. ഈ നമ്പറിലേക്ക് വിളിച്ചാൽ ശ്രീലങ്കയിലേക്കാണ് കോൾ പോകുന്നതെന്ന് മുനമ്പം ഡിവൈഎസ്പി പറഞ്ഞു. നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മരിച്ച നിജോയുടെ അമ്മ എറണാകുളം റൂറൽ എസ്പിക്ക് പരാതി നൽകി. 

ഓൺലൈൻ വായ്പാ ഏജൻസിയുടെ ഭീഷണിയും മാനസിക പീഡനവുമാണ് കുടുംബത്തിന്റെ ദാരുണാന്ത്യത്തിന് വഴിതെളിച്ചതെന്ന് പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശിൽപ (29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com