

തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ദേശീയപാതകളുടെയും മറ്റ് നിർണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും സമയബന്ധിതമായ പൂർത്തീകരണത്തിന് തടസ്സമായിരിക്കുന്ന മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വിഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യ്ക്ക് കത്തയച്ചു.
വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്റ്റോൺ അഗ്രഗേറ്റുകൾ (മെറ്റൽ) കേരളത്തിൽ പരിമിതമായ അളവിലാണ് ലഭ്യമായിട്ടുള്ളത്. അതിനാൽ നിലവിലെ ദേശീയപാത നിർമ്മാണത്തിനായുള്ള സാമഗ്രികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിൽ നിന്നാണ് കണ്ടെത്തുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തർസംസ്ഥാന ഗതാഗതത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നിർമ്മാണ സാമഗ്രികളുടെ വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് നിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും തന്ത്രപ്രധാനമായ പദ്ധതികളുടെ പൂർത്തീകരണം വൈകാൻ ഇടയാക്കുകയും ചെയ്യുമെന്ന ആശങ്കയും കത്തിൽ പങ്കുവെക്കുന്നു. കേരളത്തിന് മാത്രമല്ല, ദക്ഷിണേന്ത്യക്ക് മുഴുവൻ നിർണ്ണായക പ്രാധാന്യമുള്ളതാണ് ഈ ദേശീയപാത പദ്ധതികൾ. ഇത് പ്രാദേശിക ബന്ധം ശക്തിപ്പെടുത്തുന്നതിനും, ചരക്കുനീക്കം മെച്ചപ്പെടുത്തുന്നതിനും, ഇരു സംസ്ഥാനങ്ങളിലെയും പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്, വല്ലാപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ എന്നിവയുമായി മികച്ച രീതിയിലുള്ള ഗതാഗത ബന്ധം സ്ഥാപിക്കാൻ ഈ പദ്ധതികൾ വഴിയൊരുക്കുമെന്നും ഇത് ദക്ഷിണേന്ത്യയുടെ സാമ്പത്തിക വളർച്ചയെ സാരമായി സ്വാധീനിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ പരിപാലനത്തിനായി തമിഴ്നാട് സർക്കാർ സ്വീകരിച്ചിട്ടുള്ള നയങ്ങളെയും ലക്ഷ്യങ്ങളെയും പൂർണ്ണമായും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, തമിഴ്നാട് സർക്കാരിന്റെ നയപരമായ ലക്ഷ്യങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിൽ, ദേശീയ പ്രാധാന്യമുള്ള പദ്ധതികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്ന ഒരു സന്തുലിതാവസ്ഥ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾക്കായി മാത്രം ആവശ്യമായ മെറ്റൽ തടസ്സമില്ലാതെ കൊണ്ടുപോകുന്നതിന് അനുയോജ്യമായ ഇളവുകളോ പ്രത്യേക സംവിധാനമോ ഏർപ്പെടുത്താൻ തമിഴ്നാട് മുഖ്യമന്ത്രി വ്യക്തിപരമായി ഇടപെടണമെന്നും മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.