കൊച്ചി : എറണാകുളം കുമ്പളങ്ങിയില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് പൊലീസ്. കൊല്ലപ്പെട്ട ലാസര്‍ ആന്റണിയുടെ ശരീരത്തിലെ ആന്തരാവയവങ്ങള്‍ നീക്കം ചെയത്, മണല്‍ നിറച്ചിരുന്നു എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ചെളിയില്‍ താഴ്ത്തിയ മൃതദേഹം ഒരിക്കലും പൊന്തി വരാതിരിക്കാനായിരുന്നു ഈ നീക്കമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു.
കുമ്പളങ്ങി സ്വദേശി ലാസര്‍ ആന്റണിയുടെ മൃതദേഹമാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ ജൂലൈ 31 ന് കണ്ടെത്തിയത്. അതിക്രൂരമായ മരണമാണ് പ്രതികള്‍ നടപ്പാക്കിയത്. മര്‍ദ്ദനത്തില്‍ ലാസറിന്റെ വാരിയെല്ലിന്‍കൂട് തകര്‍ന്നു. കൈകള്‍ ഒടിഞ്ഞു. ശരീരമാസകലം ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നതായും പൊലീസ് പറഞ്ഞു.
കേസില്‍ മുഖ്യപ്രതി ബിജു, സഹായി ലാല്‍ജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ ബിജുവിനെയും ലാല്‍ജുവിനെയും അരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കായി പൊലീസ് പാലക്കാടും തൃശൂരും അടക്കം പരിശോധന നടത്തിയിരുന്നു. കേസില്‍ ബിജുവിന്റെ ഭാര്യ രാഖി, മറ്റൊരു കൂട്ടാളി സെല്‍വന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏതൊക്കെ ആന്തരികാവയവങ്ങള്‍ നഷ്ടമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു സാക്ഷ്യം വഹിക്കുകയും എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുകയും ചെയ്തത് ബിജുവിന്റെ ഭാര്യ രാഖിയായിരുന്നു. മൃതദേഹത്തിന്റെ വയറുകീറി ആന്തരിക അവയവങ്ങള്‍ പുറത്തെടുത്ത്, പകരം മണല്‍ നിറയ്ക്കാനുള്ള ബുദ്ധി ഉപദേശിച്ചത് രാഖിയാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
വയര്‍ കീറിയ ശേഷം ആന്തരീക അവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളിയതും രാഖിയാണെന്ന് പൊലീസ് കണ്ടെത്തി. ലാസര്‍ ആന്റണിയെ കാണാതായ വിവരം കാണിച്ച് ഇയാളുടെ മറ്റൊരു സഹോദരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പാടവരമ്പത്ത് കുഴിച്ചു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. പ്രതികളെല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും, ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്. കൊല്ലപ്പെട്ട ആന്റണി ലാസറിനെതിരെയും കേസുകളുണ്ടായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാസര്‍ ആന്റണിയുടെ സഹോദരന്‍ സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടകളില്‍ ഒരാളായിരുന്നു. ഇയാളും ലാസറും ചേര്‍ന്ന് ബിജുവുമായി അടിപിടിയുണ്ടായിരുന്നു. ഇതില്‍ ബിജുവിന്റെ കൈ ഒടിയുകയും ചെയ്തു. കയ്യില്‍ ഒടിവിനു പരിഹാരമായി ഡോക്ടര്‍മാര്‍ ഇട്ട ഇംപ്ലാന്റ് ബിജുവിനെ വേദനിപ്പിച്ചു തുടങ്ങി. ഇന്‍ഫെക്ഷനായതാണ് കാരണം. തുടര്‍ചികിത്സയും മറ്റുമായി ബിജുവിന്റെ പണവും കുറേ പോയി.
ഇതോടെയാണ് പണ്ടത്തെ ആക്രമണത്തിന് പ്രതികാരം വീട്ടണമെന്ന് തീരുമാനിച്ചത്. സഹായിക്കാമെന്ന് സുഹൃത്തുക്കളായ ലാൽജുവും സെൽവനും സമ്മതിച്ചു. ഇതോടെ കൊലപാതകം പ്ലാൻ ചെയ്തു. ഇതിനിടെ ഗുണ്ട തൂങ്ങിമരിച്ചു. തുടർന്ന് അയാളുടെ സഹോദരനായ ലാസർ ആന്റണിയോട് പകരം വീട്ടാൻ തീരുമാനിച്ചു. ജൂലൈ ഒമ്പതിന് വഴക്ക് പറഞ്ഞുതീര്‍ക്കാം എന്നു പറഞ്ഞ് ലാസറിനെ സെല്‍വന്‍ മുഖ്യപ്രതി ബിജുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. മദ്യം നൽകി അവശനിലയിലാക്കിയശേഷം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates